സുരേഷ് കുമാറിന് പിഴ ചുമത്തിയത് മര്യാദയില്ലാത്ത നടപടി, തനിക്ക് പരാതിയില്ലെന്ന് എം.എം മണി

സ്വകാര്യ ആവശ്യത്തിനായി കെഎസ്ഇബി വാഹനം ഉപയോഗിച്ചെന്ന കാണിച്ച് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വൈദ്യുതി മന്ത്രി എംഎം മണി. സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയാണ്. അനധികൃതമായി വാഹനം ഉപയോഗിച്ചുവെന്ന ആരോപണം മണി തള്ളി. തനിക്ക് വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നടപടി സംബന്ധിച്ച് താന്‍ മന്ത്രിയല്ലാത്തത് കൊണ്ട് പരിശോധിക്കേണ്ട കാര്യമില്ല. യഥാര്‍ത്ഥത്തില്‍ മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സുരേഷ് കുമാറര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചത്. വാഹനം ഉപയോഗിച്ചിരിക്കുന്നതും അതിന്റെ അടിസ്ഥാനത്തിലാണ്. അനിധികൃതമായൊന്നും തന്റെ അറിവില്‍ ഇല്ല. ബന്ധപ്പെട്ടവര്‍ക്ക് രേഖകള്‍ തിരുത്താമല്ലോ എന്നും എം എം മണി പറഞ്ഞു.

സംഘടനാ നേതാവെന്ന നിലയില്‍ അദ്ദേഹത്തെ തേജോവധം ചെയ്യുന്നതിന് വേണ്ടി കരുതിക്കൂട്ടി ചെയ്യുന്നതാണ്. കെഎസ്ഇബിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആളായതിനാലാണ് നടപടിയെന്നും എം എം മണി പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഔദ്യോഗിക ആവശ്യത്തിനായിട്ടാണ് വാഹനം ഉപയോഗിച്ചതെന്ന് സുരേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. വൈദ്യുതി മന്ത്രി നിര്‍ദ്ദേശിച്ച ആവശ്യങ്ങള്‍ക്കായി യാത്ര ചെയതിട്ടുണ്ട്. വ്യക്തിപരമായ യാത്രകള്‍ക്ക് വാഹനം ഓടിച്ചിട്ടില്ല. താനും മറ്റ് ജീവനക്കാരും വാഹനത്തില്‍ യാത്ര ചെയതിട്ടുണ്ട്. അതെല്ലാം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കാണ്. ഇതുമായി ബന്ധപ്പെട്ട് താന്‍ മറുപടി പറയേണ്ടത് മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയോടാണെന്നും, അദ്ദേഹത്തിന് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ മറുപടി നല്‍കുമെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

6.72 ലക്ഷം രൂപയാണ് വാഹനം ദുരുപയോഗം ചെയ്തതിന് പിഴ ചുമത്തിയിരിക്കുന്നത്. 21 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഈ തുക ശമ്പളത്തില്‍ നിന്ന് പിടിക്കും. ഗഡുക്കളായി ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.