ശബരിമലയില്‍ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി.
അറസ്റ്റ് ചോദ്യംചെയ്ത് പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ്മാരായ ദിപാങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മയും അടങ്ങിയ ബെഞ്ച് സ്വര്‍ണക്കൊള്ളയ്ക്കെതിരേ പരാമര്‍ശം നടത്തിയത്.
അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ എന്നാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനോട് ആരാഞ്ഞത്. സ്വര്‍ണക്കൊള്ളയുമായി പങ്കജ് ഭണ്ഡാരിക്ക് ഒരു ബന്ധവുമില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഐഎസ്ആര്‍ഒയുടെ മംഗള്‍യാന്‍, ചാന്ദ്രയാന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞനാണ് പങ്കജ് ഭണ്ഡാരി. കേരള ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തയ്യില്‍ മഹാദേവ ക്ഷേത്രം ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
Read more
വെള്ളിയാഴ്ച കേസ് പരിഗണിക്കണം എന്നായിരുന്നു പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഹോളി അവധിക്ക് ശേഷമേ പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു.







