തിരുവനന്തപുരത്ത് സീറ്റ് കിട്ടാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആനന്ദിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്ന് ശശി തരൂര്‍ എംപി. കുടുംബത്തിന് ഉണ്ടായത് വലിയ നഷ്ടമാണെന്നും ശശി തരൂർ പറഞ്ഞു. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനങ്ങളെ പല പ്രശ്‌നങ്ങളും അലട്ടുന്നുണ്ടെന്നും അതിനെല്ലാം ഒരു പരിഹാരം വേണമെന്നും ശശി തരൂര്‍ എംപി പറഞ്ഞു.
തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന ആനന്ദ് കെ തമ്പിയാണ് ഇന്നലെ ജീവനൊടുക്കിയത്. സ്ഥാനാർഥി ലിസ്റ്റ് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിൽ മനംനൊന്താണ് ആനന്ദ് ജീവനൊടുക്കിയത്. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. സ്ഥാനാർഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.
അതേസമയം ആനന്ദ് കെ തമ്പി ബിജെപി പ്രവർത്തകനല്ലെന്ന് നേതൃത്വം അറിയിച്ചു. ഒരുകാലത്തും പാർട്ടി പ്രവർത്തകൻ ആയിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ ആനന്ദ് ഉണ്ടായിരുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി. ഉദ്ധവ് താക്കറെയുടെ ശിവസേനയിലാണ് ആനന്ദ് എന്നും ആനന്ദിന്റെ മരണം ബിജെപിക്കെതിരെ കുപ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നും നേതൃത്വം ആരോപിച്ചു.







