അമൃതാനന്ദമയിയെ സർക്കാർ ആദരിച്ചതിന് പിന്നാലെ ഉയർന്ന വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. അമൃതാനന്ദമയിയെ ആശ്ലേഷിച്ചത് കഴിഞ്ഞ കാര്യമാണെന്നും ചർച്ചയ്‌ക്കൊന്നും ഇനി കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘സബ്ജക്ട് ഈസ് ക്ലോസ്ഡ്’ എന്നാണ് മന്ത്രി പറഞ്ഞത്.
വിഷയത്തിൽ ഒരു പരിഹാസവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ കാര്യമാണെന്നും താൻ അതിൽ വിശദീകരണം നൽകിയതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ദിവസമായിരുന്നു മാതാ അമൃതാനന്ദമയിക്ക് ആദരവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ മാതാ അമൃതാനന്ദമയി ലോകത്തെ മലയാളത്തിൽ അഭിസംബോധന ചെയ്തതിന്റെ രജത ജൂബിലി ആഘോഷവേളയിലാണ് സർക്കാരിന്റെ ആദരം.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിൽ നടന്ന ചടങ്ങിൽ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് മാതാ അമൃതാനന്ദമയിയെ ആദരിച്ചത്. ഐക്യരാഷ്ട്ര സഭയിലെ പ്രസംഗം മലയാളത്തിൻ്റെ പ്രശസ്‌തി വാനോളം ഉയർത്തിയെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. കേരള സർക്കാരിന്റെ ആദരം മലയാള ഭാഷയ്ക്കുള്ളതെന്നു മാതാ അമൃതാനന്ദമയി മറുപടിയായി പറഞ്ഞു. അതിനിടെ മന്ത്രിക്കെതിരെ വിമർശനവുമായി നിരവധി പ്രമുഖർ രംഗത്തെത്തി.
മാതാ അമൃതാനന്ദമയിയെ സർക്കാർ ആദരിച്ചതിന് പിന്നാലെ വിരുദ്ധനിലപാടുമായി സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന്റെ മകൻ ജെയിൻ രാജ് രംഗത്ത് എത്തിയിരുന്നു. ഫെയ്‌സ്ബുക്ക് പോസ്‌റ്റിലാണ് ജെയിൻ രാജിന്റെ പരിഹാസം. ‘വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട…സുധാമണി’ എന്നാണ് ജെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സർക്കാരിന്റെ ആദരവും മന്ത്രിയുടെ ആശ്ലേഷവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നതിനിടെയാണ് ജെയിൻ രാജിന്റെ പോസ്റ്റ്.







