ആശംസാ കാര്‍ഡില്‍ ജിഷ്ണു പ്രണോയിയുടെ ചിത്രം; നെഹ്‌റു കോളേജില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജിഷ്ണു പ്രണോയിയുടെ ചിത്രമടക്കമുള്ള വെല്‍കം കാര്‍ഡും മധുരവും വിതരണം ചെയ്ത അഞ്ച് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത് പാമ്പാടി നെഹ്റു കോളേജ്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ അരുണ്‍ നാരായണന്‍, കിരണ്‍ നാരായണന്‍, ഗോവര്‍ധന്‍, ശ്രീരാജ് കെ, പ്രണവ് കൃഷ്ണന്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

പഠിപ്പിച്ചുകൊണ്ടിരിക്കെ ക്ലാസില്‍ അതിക്രമിച്ചു കയറി അധ്യാപകരോട് കയര്‍ത്തു എന്നാണ് സസ്പെന്‍ഷന്റെ കാരണമായി ഉത്തരവില്‍ പറയുന്നത്. അതേ സമയം ഇന്റര്‍വെല്‍ സമയത്താണ് വെല്‍കം കാര്‍ഡും മധുരവും വിതരണം ചെയ്തതെന്ന് അധ്യാപകന്‍ സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പ് വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെഹ്രു എഞ്ചിനീയറിഗ് കോളേജില്‍ പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികളെത്തിയത്. ഇവരെ സ്വീകരിക്കാനായി എസ്എഫ്‌ഐ തയ്യാറാക്കിയതാണ് ജിഷ്ണു പ്രണോയിയുടെ ചിത്രമുളള ആശംസ കാര്‍ഡ്. പത്തു പേരാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഡ് വിതരണം ചെയ്തത്. ഇതില്‍ ഏഴ് പേരെയാണ് സസ്‌പെന്റ് ചെയ്തത്.