'കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കണം'; ഒമര്‍ അബ്ദുല്ലയുമായി ഫോണില്‍ സംസാരിച്ച് കെ സി വേണുഗോപാല്‍

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാടുകളിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി സംസ്ഥാന സെക്രട്ടറി കെ സി വേണുഗോപാല്‍. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി കെ സി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചു. വിഷയത്തിൽ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഒമര്‍ അബ്ദുള്ള അറിയിച്ചു.

അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര – സംസ്ഥാന യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലര്‍ച്ചയുമായി എഴുപത്തഞ്ചോളം വിദ്യാര്‍ഥികളാണ് കേരള ഹൗസിലെത്തിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിവിധ വിമാനങ്ങളിലും ട്രെയിനുകളിലുമായി ഇന്നും പുലര്‍ച്ചയുമായി നാട്ടിലേക്ക് തിരിക്കും. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍. 01123747079.

Read more