കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ. സ്കൂൾ മാനേജരാണ് ഉത്തരവ് പുറത്തിറക്കിയത്. എസ് സുജയെ ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സീനിയർ അധ്യാപികയായ ജി മോളിക്ക് ആയിരിക്കും ഇനി എച്ച്എം ചുമതല. സ്കൂളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ പ്രധാന അധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തറയില്‍ നിന്ന് ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Read more
പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു. അപകടത്തിൽ ഉപവിദ്യഭ്യാസ ഡയറക്ടർ, സ്കൂൾ മാനേജ്മെന്റ്, പ്രധാനാധ്യാപിക എന്നിവരുടെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട്.