തേവലക്കരയിലെ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ മാനേജറും കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറും കേസിൽ പ്രതികൾ

കൊല്ലം തേവലക്കരയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂൾ മാനേജറേയും കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറെയും കേസിൽ പ്രതിയാക്കി. പ്രധാന അധ്യാപികയെ കൂടാതെയാണ് ഇരുവരെയും പ്രതിയാക്കിയത്. അപകടകരമായ രീതിയിൽ വൈദ്യുതകമ്പികൾ കിടന്നിട്ടും നടപടി എടുത്തില്ലെന്ന് പൊലീസ് പറയുന്നു.

സുരക്ഷാ ഭീഷണിയുളള രീതിയിൽ വൈദ്യുതി ലൈൻ കടന്നുപോകുന്നത് റിപ്പോർട്ട് ചെയ്യാത്തതിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവ് ഉണ്ടായെന്ന് തദ്ദേശ വകുപ്പ് ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ട് നൽകിയിരുന്നു. തേവലക്കരയിൽ എട്ടാം ക്‌ളാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തദ്ദേശഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടിലാണ് വീഴ്ച തുറന്ന് സമ്മതിക്കുന്നത്.

എങ്ങും തൊടാതെയുളള ആദ്യ റിപ്പോർട്ട് മന്ത്രി എംബി രാജേഷ് തളളിയതിന് പിന്നാലെയാണ് വീഴ്ച സമ്മതിച്ച് പുതിയ റിപോർട്ട് സമർപ്പിച്ചത്. സ്‌കൂൾ കെട്ടിടത്തിന്റെ ചുവരിനോട് ചേർന്ന് തന്നെയാണ് സൈക്കിൾ ഷെഡ് നിർമ്മിച്ചത്. ഷെഡിന്റെ മേൽക്കൂരക്ക് 88സെന്റീമീറ്റർ മുകളിലൂടെയാണ് ലോ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നത്. സ്ഥല പരിശോധന നടത്തിയപ്പോൾ ദൂരപരിധി പാലിക്കാതെ ലൈൻ കടന്നുപോകുന്നത് റിപ്പോർട്ട് ചെയ്യാത്തതിൽ മൈനാഗപ്പളളി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായിയെന്നും റിപ്പോർ‌ട്ടിൽ പറയുന്നു.

Read more