തലസ്ഥാനത്ത് തെരുവുയുദ്ധം; പൊലീസ് ലാത്തിച്ചാർജിൽ അബിൻ വർക്കിയുടെ തലയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസ് ലാത്തിച്ചാർജില്‍ യൂത്ത് കോൺ​ഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിക്ക് തലക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഒന്നിലധികം തവണ പൊലീസ് ലാത്തി കൊണ്ട് മർദിച്ചെന്ന് പരാതിയുണ്ട്. ജില്ലാ ഭാരവാഹികളായ സുരേഷ് വട്ടപറമ്പ്, സുമേഷ് തുടങ്ങിയവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധ മാർച്ചിൽ കടുത്ത പ്രകോപനം ഉണ്ടായിട്ടും സംയമനം പാലിച്ചായിരുന്നു പൊലീസ് നിന്നത്. എന്നാൽ ആറേഴു തവണ ജലപീരങ്കി പ്രയോ​ഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനാലാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായത്. അതിനിടെ, അബിൻ വർക്കിയേയും രാഹുൽ മാങ്കൂട്ടത്തിനെയും പൊലീസ് ബസ്സിൽ കയറ്റിയെങ്കിലും ബസ്സിൽ നിന്നിറങ്ങുകയായിരുന്നു. അബിൻ വർക്കിയെ കൂടാതെ മറ്റു പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

എഡിജിപി എംആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. മാർച്ചിൽ യുഡിഎഫ് കൺവീനർ എം എം ഹസൻ സംസാരിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചത്. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Read more