ദിലീപിന് അനുകൂലമായ പ്രസ്താവന; മുന്‍ ഡി.ജി.പി, ആര്‍. ശ്രീലേഖയ്‌ക്ക് എതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന് അനുകൂലമായ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. മനുഷ്യാവകാശപ്രവര്‍ത്തക കുസുമം ജോസഫ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. ഈ വീഡിയോ പൊലീസ് പരിശോധിക്കും.

പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണമോ എന്ന കാര്യം തീരുമാനിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ പുറത്തു വിട്ട വീഡിയോയിലെ പരാമര്‍ശങ്ങളാണ് പരാതിക്ക് കാരണം. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുസുമം ജോസഫ് പരാതി നല്‍കിയത്.

ആര്‍ ശ്രീലേഖയ്ക്ക് എതിരെ തൃശൂര്‍ റൂറല്‍ എസ്.പിക്കാണ് പരാതി നല്‍കിയത്. ദിലീപും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണെന്നായിരുന്നു ശ്രീലേഖയുടെ വാദം. പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയതെന്ന് പറയുന്ന കത്ത് അയാളല്ല എഴുതിയത്. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

വിശ്വാസ്യത പിടിച്ചുപറ്റി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ഇതുപോലെ ചിത്രങ്ങള്‍ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്തതായി പല നടിമാരും പള്‍സര്‍ സുനിയെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോള്‍ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസിന്റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാല്‍ ഏറ്റവും കൂടുതല്‍ മാനഹാനി തനിക്കാണെന്നുമുളളതു കൊണ്ടും കാശ് കൊടുത്ത് സെറ്റില്‍ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു.