മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ എത്തിയപ്പോള്‍ തടഞ്ഞു; 'പോലീസുകാരുടെ കാലുപിടിച്ചിട്ടും കടത്തിവിട്ടില്ല'

അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യവുമായി ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന ശ്രീജിത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും ഓഫീസുകളില്‍ കയറി ഇറങ്ങിയത് നിരവധി തവണ. പലപ്പോഴു മുഖ്യമന്ത്രി ഇവരെ കാണാന്‍ പോലും കൂട്ടാക്കിയില്ല. മാതാവിനെയും കൂട്ടി സെക്രട്ടേറിയറ്റില്‍ എത്തിയിട്ടും ശ്രീജിത്തിനെ അകത്തേക്ക് കയറ്റി വിടാന്‍ പോലും പോലീസുകാര്‍ തയാറായില്ല.

ഒരു തവണ രാത്രി പത്തുമണിവരെ ഞാനും ഇവനും കൂടി മുഖ്യമന്ത്രിയെ കാണാനായി കാത്തിരുന്നു. പോലീസുകാര്‍ ഞങ്ങളെ കയറ്റിവിട്ടില്ല. ഇവന്‍ ഇവിടെ സമരം ചെയ്ത് കിടക്കുന്നതുകൊണ്ട് പോലീസുകാര്‍ക്ക് ശ്രീജിത്തിനെ അറിയാം. ഇവന്റെ കൂടെ വന്നതുകൊണ്ട് എന്നെയും കയറ്റിവിട്ടില്ല. അവസാനം ഞാന്‍ ആ പോലീസുകാരുടെ കാലുപിടിച്ചു. മുഖ്യമന്ത്രിയോട് എന്റെ വിഷമം പറയനാണ് എന്നു പറഞ്ഞിട്ടൊന്നും അവര്‍ കയറ്റി വിട്ടില്ല. ഇതുപോലെ പല പ്രാവശ്യം ഇത് തന്നെ നടന്നുവെന്ന് ശ്രീജിത്തിന്റെ മാതാവ് രമണി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഇതിനിടെ ശ്രീജിത്തിന്റെ സമരത്തിന് ശ്രദ്ധ ലഭിച്ചതോടെ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന് നീതിതേടി സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരം 763 ദിവസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടത്.
ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കാന്‍ തീരുമാനിച്ചു. ഇതിന് പുറമെ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ ശിക്ഷാ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

സിബിഐ അന്വേഷണമോ പൊലീസുകാര്‍ക്കെതിരായ നടപടിയോ ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചാല്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കാനും തയ്യാറാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിയിച്ചു.

ശ്രീജിത്തിന്റെ ആവശ്യം നേരത്തെ സി.ബി.ഐ തള്ളിയിരുന്നു. കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയായിരുന്നു

ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്. ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 763 ദിവസം പിന്നിട്ടതിനിടെയാണ് കത്ത് പുറത്തുവന്നത്.

ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. സംഭവത്തില്‍ പൊലീസ് കംബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പൊലീസുകാര്‍ക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹര സമരം ആരംഭിച്ചത്.