ജയിച്ചാൽ ഇടുക്കിയുടെ വികസനത്തിന് സമഗ്രപദ്ധതി, കർഷകരുടെ പ്രശ്നങ്ങൾക്ക് മുൻതൂക്കം; ഇടുക്കിയുടെ മനസ്സറിഞ്ഞ് ഡീൻ

ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടാൽ ഇടുക്കിയിലെ കർഷകരുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് ഇടുക്കി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇതിനായി ഇടുക്കിയുടെ സമസ്തമേഖലയെയും ഉൾപ്പെടുത്തി സമഗ്ര വികസന പദ്ധതിക്ക് രൂപം നൽകും. തിരഞ്ഞെടുക്കപ്പെട്ടാൽ തന്റെ നേതൃത്വത്തിൽ തന്നെ പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടുക്കിയിലെ അടിയന്തര പ്രശ്നങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് സൗത്ത് ലൈവുമായി അദ്ദേഹം പങ്കു വെച്ചു. മഹാപ്രളയത്തെ തുടർന്ന് ജില്ലയിൽ 50,000 ഹെക്ടററിലേറെ കൃഷിഭൂമി ഇല്ലാതായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇടുക്കി ജില്ലയെ സംബന്ധിച്ചിടത്തോളം തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ്. ഏറ്റവും പരിമിതമായ 10,000 രൂപയുടെ സഹായം പോലും കിട്ടാത്ത ആയിരക്കണക്കിനാളുകൾ ഇവിടെയുണ്ട്. ഇവർ നിത്യേനയെന്നോണം വില്ലേജ് ഓഫിസുകൾ കയറിയിറങ്ങി നരകിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റു ജില്ലകളിൽ നിന്ന് വ്യത്യസ്തമായി, വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ പോകണമെങ്കിൽ ഇടുക്കി ജില്ലക്കാർക്ക് മൈലുകൾ താണ്ടേണ്ട അവസ്ഥയുണ്ട്. അതുകൊണ്ട് പരിമിതമായ ധനസഹായം പോലും ആയിരക്കണക്കിന് കർഷകർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. തികച്ചും പ്രതിഷേധാർഹമായ ഈ അവസ്ഥയിലും സർക്കാർ നിലപാട് നിഷേധാത്മകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ജില്ലയിൽ എട്ട് കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. വെള്ളത്തൂവൽ പഞ്ചായത്തിൽ ജോസഫ് എന്ന കർഷകൻ കടക്കെണി മൂലം വൃക്ക വിൽപനയ്ക്ക് വെച്ച ദയനീയ സാഹചര്യം ഇവിടെയുണ്ടായി. ആയിരക്കണക്കിന് കുടിയേറ്റ കർഷകരുടെ അവസ്ഥ ഇതാണെന്ന് ഡീൻ പറഞ്ഞു. നൂറ് രൂപ തികച്ചെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇടുക്കി ജില്ലയിലെ മിക്ക കർഷകരും.

നോട്ട് നിരോധനം എന്ന ഭ്രാന്തൻ നടപടി വഴിയായി നേരത്തെ കേന്ദ്ര സർക്കാർ ഇടുക്കിയുടെ സാമ്പത്തിക രംഗത്തെ പാടെ തകർത്തിരുന്നു. പിന്നാലെ എത്തിയ ജി എസ് ടി ചെറുകിട , ഇടത്തരം ബിസിനസ് മേഖലയുടെ നിലനിൽപ് തന്നെ അവതാളത്തിലാക്കി. ഇതിനെ തുടർന്ന് പ്രകൃതിദുരന്തവും സംഭവിച്ചത് ഇടുക്കിയ്ക്ക് താങ്ങാനാകാത്തതായി.
പ്രളയം ഒരു മനുഷ്യനിർമ്മിത ദുരന്തമായിരുന്നുവെന്ന് യുവ കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. ഡാം മാനേജ്‌മെന്റിൽ സംഭവിച്ച ഗുരുതര വീഴ്ചയാണ് ഈ മഹാദുരന്തത്തിന് നിദാനമായത്. എന്നാൽ ഇതേ പറ്റി നിരുത്തരവാദിത്വപരമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

ഇടുക്കി പാക്കേജ് എന്ന പേരിൽ 5000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും കർഷകരുടെ സ്ഥിതി അനുദിനം മോശമാവുകയാണ്. 5000 കോടി രൂപയുടെ പദ്ധതി ഒരു അത്ഭുതം തന്നെയാണെന്ന് ഡീൻ കുര്യാക്കോസ് വിശേഷിപ്പിക്കുന്നു. കാരണം ഇതിനുള്ള പണം എങ്ങിനെ കണ്ടെത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കുന്നില്ല.

Read more

എം പി ആയാൽ കർഷകരുടെ ദുരിത നിവാരണത്തിന് അവരോടൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തകർന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണമായിരിക്കും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമെന്നും ഇടുക്കിയിൽ നിന്ന് രണ്ടാം വട്ടം ജനവിധി നേടുന്ന ഡീൻ പറഞ്ഞു. ഇടുക്കിയുടെ വികസനത്തെ പറ്റി സമഗ്ര കാഴ്ചപ്പാട് തനിക്കുണ്ട്. ജനങ്ങൾ അംഗീകരിച്ചാൽ അതിനനുസൃതമായ പദ്ധതികൾ വിദഗ്ധരുടെ സഹകരണത്തോടെ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.