സൗത്ത്‌ലൈവ് പുറത്തുവിട്ട അബുദാബിയിലെ ആയുര്‍വ്വേദ സെന്റര്‍ ഉദ്ഘാടനം: എഡിജിപി എസ് ശ്രീജിത്തിനെതിരെ ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന സമയത്ത് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അടക്കം അന്വേഷിക്കണം

അബുദാബിയിലെ ആയുര്‍വ്വേദ സെന്റര്‍ ഉദ്ഘാടനത്തിലെ ചട്ടലംഘനത്തില്‍ എഡിജിപി എസ് ശ്രീജിത്തിനെതിരേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശ്രീജിത്തിന്റെ വിദേശയാത്രയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റിലെ അഴിമതിയും സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഉത്തരവ്. അബുദാബിയില്‍ സ്വകാര്യ ആയുര്‍വേദിക് സെന്ററിലെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാഥിതിയായി എഡിജിപി പങ്കെടുത്തതില്‍ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എഡിജിപിയുടെ ചട്ടലംഘനം സംബന്ധിച്ച വാര്‍ത്ത ബ്രേക്ക് ചെയ്തത് സൗത്ത്‌ലൈവാണ്. പിന്നീട് ശ്രീജിത്ത് ഐപിഎസ് ഓപ്പറേഷന്‍ മേധാവിയായ സൈബര്‍ പൊലീസില്‍ നിന്ന് വാര്‍ത്ത ഡിലീറ്റ് ചെയ്യാന്‍ സൗത്ത്‌ലൈവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ സൗത്ത് ലൈവ് ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയാണ് ഉണ്ടായത്.

‘സൗത്ത് ലൈവില്‍’ 2026 ഫെബ്രുവരി 9നും ഫെബ്രുവരി 10 നും എ.ഡി.ജി.പി ശ്രീജിത്തിന്റെ അബുദാബി യാത്രയെ സംബന്ധിച്ചും അവിടെ അദ്ദേഹം ഒരു സ്വകാര്യ ആയുര്‍വേദ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ ചീഫ് ഗസ്റ്റായി പങ്കെടുത്തതും ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതി സൗത്ത് ലൈവ് വാര്‍ത്തയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സൈബര്‍ പൊലീസില്‍ നിന്നും വാര്‍ത്ത ഡിലീറ്റ് ചെയ്യിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നത്. സ്വകാര്യ സ്ഥാപന ഉടമ പരാതി നല്‍കിയിട്ടുണ്ടെന്നും സൗത്ത് ലൈവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പൂട്ടിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നുമായിരുന്നു സൈബര്‍ വിഭാഗത്തില്‍ നിന്നും വിളിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നത്. ഈ പശ്ചാതലത്തിലാണ് നടപടി ആവശ്യപ്പെട്ട് സൗത്ത് ലൈവ് അധികൃതര്‍ പരാതി നല്‍കിയത്. കള്ളകേസെടുത്തും അധികാര ദുര്‍വിനയോഗം നടത്തിയും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഓപ്പറേഷന്‍ മേധാവിയും പൊലീസ് ആസ്ഥാനത്തെ എഡിജിപിയും സൈബര്‍ മേധാവിയുമായ എസ് ശ്രീജിത്തിന് എതിരെ നടപടി ആവശ്യപ്പെട്ട് സൗത്ത് ലൈവ് മാനേജിങ് എഡിറ്ററും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ( ഇന്ത്യ) പ്രസിഡന്റുമായ സാജ് കുര്യനാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയത്.

സൗത്ത്‌ലൈവ് പുറത്തുവിട്ട ഈ വിഷയത്തിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിരിക്കുന്നത്. അനുമതി ഇല്ലാതെയാണ് ആയുര്‍വേദ സെന്ററിന്റെ ഉദ്ഘാടനത്തിന് എസ്. ശ്രീജിത്ത് പോയതെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഇസ്‌പെക്ടര്‍ ദീപന്‍ ഇടമന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരി 1,2,3 തീയതികളിലാണ് എസ്. ശ്രീജിത്ത് അബുദാബിയില്‍ സന്ദര്‍ശനം നടത്തിയത്. അബുദാബിയിലേക്ക് പോകുന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍, സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന സമയത്ത് നടത്തിയ സാമ്പത്തിക ഇടപാടുകള്‍, ട്രാന്‍സ്ഫറുകള്‍, അദ്ദേഹത്തിനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ, എസ്. ശ്രീജിത്തിനെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ സ്‌പെഷ്യല്‍ സെക്രട്ടറി പി.ബി. നൂഹ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എഡിജിപി എസ് ശ്രീജിത്ത് നടത്തിയ വിദേശ യാത്ര സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന പരാതി വിജിലന്‍സ് ഡയറക്ടര്‍ ചീഫ് ചീഫ് സെക്രട്ടറിക്ക് നേരത്തെ കൈമാറിയിരുന്നു. കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് നടപടി സ്വീകരിക്കേണ്ടത് ചീഫ് സെക്രട്ടറി ആയതിനാലാണ് ഫയല്‍ സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിന് കൈമാറിയത്.