സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു നേരത്തെ പൊലീസ്.

സ്വപ്ന സുരേഷിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നല്‍കിയ കത്ത് ജയില്‍ വകുപ്പ് പൊലീസിന് കൈമാറിയിരുന്നു. ഇ.ഡിയുടെ കത്തിന് മറുപടി നല്‍കുന്നതിന് ആവശ്യമായ അന്വേഷണം നടത്തണമെന്ന് ജയില്‍ വകുപ്പ് ആവശ്യപ്പെടുകയായിരുന്നു.

ജയില്‍വകുപ്പ് മേധാവി ഋഷിരാജ് സിംഗാണ് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് കൈമാറിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യം നല്‍കിയ കത്തിന് ജയില്‍ വകുപ്പ് മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിംഗിന് ഇ.ഡി. രണ്ടാമതും കത്ത് നല്‍കുകയായിരുന്നു. ശബ്ദരേഖയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ജയില്‍ വകുപ്പും പൊലീസും ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് ഇത് എന്നാണ് റിപ്പോർട്ട്. എന്നാല്‍ കത്ത് ലഭിച്ച കാര്യം ജയില്‍ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.