കെ.പി.സി.സി അദ്ധ്യക്ഷനെ സോണിയ ഗാന്ധി തീരുമാനിക്കും, പ്രമേയം പാസാക്കി

കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിക്കും. ഇതു സംബന്ധിച്ച പ്രമേയം ഇന്നു ചേര്‍ന്ന കെപിസിസി യോഗത്തില്‍ പാസാക്കി. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശന്‍, കെ മുരളീധരന്‍, എം എം ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി ജോസഫ് എന്നിവര്‍ പിന്താങ്ങി. എഐസിസി അംഗങ്ങളെയും സോണിയ തീരുമാനിക്കും.

കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കണം എന്ന് എഐസിസിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയമാണ് യോഗത്തില്‍ പാസാക്കിയത്. മത്സരം ഇല്ലാതെ കെ. സുധാകരന്‍ അധ്യക്ഷന്‍ ആയി തുടരും. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങള്‍ പങ്കെടുത്ത ആദ്യ ജനറല്‍ ബോഡി യോഗമാണ് ഇന്ന് ചേര്‍ന്നത്.

285 ബ്ലോക്ക് പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളുമടക്കം 310 അംഗ പട്ടികയില്‍ 77 പേരാണ് പുതുമുഖങ്ങള്‍. ഗ്രൂപ്പ് നോമിനികളെ ചേര്‍ത്ത് പുതുക്കിയ അംഗത്വ പട്ടികയില്‍ പരാതി ബാക്കിയുണ്ടെങ്കില്‍ പുറത്ത് വരുന്നത് ഒഴിവാക്കാന്‍ പട്ടിക ഔദ്യോഗികമായി നേതൃത്വം പുറത്തുവിട്ടില്ല.

ജോഡോ യാത്ര കേരളത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നേതൃത്വം പട്ടിക പുറത്ത് വിടേണ്ട എന്ന തന്ത്രപരമായ തീരുമാനം എടുത്തത്. കെ.പി.സി.സി നേതൃത്വം വ്യക്തിപരമായി തിരഞ്ഞെടുക്കപ്പെട്ട വിവരം നേതാക്കളെ അറിയിച്ചിട്ടുണ്ട്.