'ആരെങ്കിലും എഴുതി കൊടുത്തിട്ടുണ്ടാകാം'; മകനെ വസ്ത്രം ഉരിഞ്ഞ് പരിശോധിച്ചതില്‍ അബ്ദുല്‍ വഹാബ് എം.പി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മകനെ കസ്റ്റംസ് പരിശോധിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവും എംപിയുമായ പി.വി അബ്ദുല്‍ വഹാബ്. സംശയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മകനെതിരെ ആരെങ്കിലും എഴുതികൊടുത്തിട്ടുണ്ടാകാമെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.

സംശയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആരെങ്കിലും എഴുതി കൊടുത്തിട്ടുണ്ടാകും, കമ്പ്യൂട്ടറില്‍ ചിലപ്പോള്‍ വന്നിട്ടുണ്ടാകും. മകന് കുറച്ച് താടിയുണ്ട്, ചിലപ്പോള്‍ അതുകൊണ്ടാകാം. പക്ഷേ മകന്റെ തുണി അഴിപ്പിക്കുന്നതിന് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യല്‍ പ്രൊഫൈല്‍ ഒന്ന് നോക്കാവുന്നതായിരുന്നു. എംപിയുടെ മകനാണെന്ന് പറഞ്ഞിട്ട് ഒന്നുകൂടി ചെക്ക് ചെയ്തു എന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.

സംഭവത്തില്‍ അബ്ദുല്‍ വഹാബ് എംപി കസ്റ്റംസ് കമീഷണര്‍ക്ക് പരാതി നല്‍കി. വഹാബിന്റെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നതായി കസ്റ്റംസ് വിശദീകരിച്ചു. എക്‌സ് റേ പരിശോധനക്ക് ശേഷം വിട്ടയച്ചുവെന്നും കസ്റ്റംസ് പറഞ്ഞു.

മജിസ്‌ട്രേട്ടിന്റെ അനുമതിയില്ലാതെയാണ് ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധന നടത്തിയതെന്നും ആരോപണമുണ്ട്. എക്‌സ്‌റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ വേണമെന്നാണ് നിയമം. എന്നാല്‍ ഇതൊന്നും പാലിച്ചില്ലെന്നാണ് ആരോപണം.