വടകര എംപി ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിൽ പൊലീസിനെതിരെ കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു രംഗത്ത്. പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കെ ഇ ബൈജു പറഞ്ഞു. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും റൂറൽ എസ്പി കൂട്ടിച്ചേർത്തു.
വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് റൂറൽ എസ്പി ഇക്കാര്യം പറഞ്ഞത്. പേരാമ്പ്രയിൽ ലാത്തി ചാർജ് നടന്നിട്ടില്ലെന്നും എസ്പി പറഞ്ഞു. അതേസമയം ലാത്തി ചാര്‍ജ് നടത്തിയിട്ടില്ലെന്നും യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നുമായിരുന്നു നേരത്തെ പൊലീസിന്റെ വിശദീകരണം. കണ്ണീര്‍ വാതക സമ്മര്‍ദത്തിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നും റൂറൽ എസ്പി പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ ദൃശ്യങ്ങൾ പുറത്ത് വന്നു. അതിൽ പിന്നില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഷാഫിക്ക് നേരെ ലാത്തി വീശുന്നത് ദൃശ്യങ്ങളിലുണ്ട്.
പേരാമ്പ്ര ഗവണ്‍മെന്റ് സികെജി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് പൊലീസ് നടപടിയുണ്ടായത്. കോളജ് യൂണിയന്‍ ചെയര്‍മാന്‍ സീറ്റില്‍ കെ.എസ്.യു സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് പേരാമ്പ്ര നഗരത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഹര്‍ത്താലിന് ശേഷം യുഡിഎഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായി. ഇതോടെയാണ് പൊലീസ് നടപടിയുണ്ടായത്.
ആക്രമണത്തിൽ പരിക്കേറ്റ ഷാഫി നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനുമാണ് പരിക്കേറ്റത്. മൂക്കിന്റെ പ്രതികൾക്ക് പൊട്ടലുണ്ട്. ഇടത് വലത് അസ്ഥികൾക്കാണ് പൊട്ടൽ. ഒരു ഭാഗത്തെ അസ്ഥിയുടെ സ്ഥാനം തെറ്റിയിട്ടുമുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിവിധ പ്രതിഷേധ പരിപാടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചത്. ഷഫീക്ക് ഒപ്പം ഉണ്ടായിരുന്നു മറ്റ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.







