മുഖ്യമന്ത്രിക്ക് അയ്യപ്പശാപത്തെ ഭയം, വിജയിക്കാൻ ഭാര്യ അമ്പലപ്പുഴ പാൽപായസ വഴിപാട് നേര്‍ന്നെന്നും ശോഭാ സുരേന്ദ്രന്‍

മുഖ്യമന്ത്രിക്ക് അയ്യപ്പശാപത്തെ ഭയമെന്ന് ശോഭാ സുരേന്ദ്രന്‍. ഇത് കാരണം മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴ പാൽപായസ വഴിപാട് നേര്‍ന്നെന്നും അവര്‍ പറഞ്ഞു. അസുരന്‍മാരാണ് സിപിഎമ്മിലുളളതെന്നും ശോഭ പറഞ്ഞു.

അതേസമയം കടകംപള്ളിക്കെതിരെയും ശോഭ രൂക്ഷ വിമർശനം ഉന്നയിച്ചു. ഇതുപോലെ കാപട്യക്കാരനെ താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞ ശോഭ കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നും ആരോപിച്ചു. കേന്ദ്ര ഇടപെടൽ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ്യാറായതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും ശോഭാ പ്രതികരിച്ചു.

താഴെ തട്ടിൽ പ്രവർത്തനം നടന്നത് എണ്ണയിട്ട യന്ത്രം പോലെയായിരുവെന്നും യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്ന് ശോഭ പറഞ്ഞു. ബിജെപിയുടെ ഓരോ വോട്ടും ഇരുമ്പുമറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കെ സുരേന്ദ്രനോട് സ്നേഹമുള്ള സഖാക്കൾ മഞ്ചേശ്വരത്ത് സുരേന്ദ്രന് വോട്ട് ചെയ്ത് കാണുമെന്നും ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.