സേക്രഡ് ഹാർട്ട് കോളജിൽ സ്കിൽ ഡെവലപ്മെൻറ് കോഴ്‌സുകൾക്ക് തുടക്കമായി

തേവര സേക്രഡ് ഹാര്‍ട്ട് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബിരുദ വിദ്യാർത്ഥികൾക്ക് തൊഴില്‍ നൈപുണ്യം വളര്‍ത്തിയെടുക്കാനും, മികച്ച കരിയർ രൂപീകരിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ “കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ്” എസ്. എച്ച് കോളേജുമായി ചേർന്ന് ഒരുക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് കോഴ്സുകള്‍ക്ക് തുടക്കമായി. കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ദൈന്യംദിന ജീവിതത്തിൽ പോലും “കൃത്രിമ ബുദ്ധി” സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ ശാസ്ത്ര – സാങ്കേതിക വിദ്യകളിൽ നിന്ന് അകലം പാലിക്കരുതെന്നും പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യം കൂടി വളർത്തിയെടുക്കുകയെന്നത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ അതിഥിയായിരുന്ന കർണാടക മുൻ മന്ത്രി  ഡോ. ജെ. അലക്സാണ്ടർ 75 വർഷം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രദാനം ചെയ്ത എസ് എച്ച് കോളജ് മാനേജ്‌മെന്റിനെ അഭിനന്ദിക്കുകയും  എല്ലാ മേഖലകളിലും തൊഴിൽ നൈപുണ്യവും നേതൃപാടവമുള്ള ആളുകളെ ആവശ്യമുള്ള ഈ കാലഘട്ടത്തിൽ വിദ്യാധനം ട്രസ്റിന്റെയും എസ്. എച്ച് കോളേജിന്റെയും ഉദ്യമത്തിന് ആശംസകൾ നേരുകയും ചെയ്തു.

മുന്‍ എം.പിയും വിദ്യാധനം ട്രസ്റ്റ് ചെയര്‍മാനുമായ പ്രൊഫ. കെ.വി തോമസ് തൻ്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ സേക്രഡ് ഹാർട്ട് കോളജിൽ നിന്നും ലഭിച്ച അറിവും പരിശീലനവുമാണെന്ന് അഭിപ്രായപ്പെട്ടു. സേക്രഡ് ഹാർട്ട് കോളജിൽ പഠിക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്നും  ജീവിതത്തിൽ പാളിച്ചകളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ തളരാതെ മുന്നോട്ട് പോകാൻ ഇവിടത്തെ പരിശീലനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ജോലിസാധ്യതകള്‍ മുന്‍നിര്‍ത്തി പുറമേ നിന്നുള്ള വിദഗ്ധരുടെ ക്ലാസുകള്‍ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കും. വ്യവസായ മേഖലയിലെ ഉന്നതരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് വരുത്തുമെന്നും  ഈ കലാലയത്തില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തൊഴില്‍ നേടുക എന്നത് ഏറ്റവും എളുപ്പമാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് കോളേജും വിദ്യാധനം ട്രസ്റ്റും ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. പ്രശാന്ത് പാലക്കാപ്പള്ളിൽ സ്വാഗതമാശംസിച്ചു . ചടങ്ങിൽ എറണാകുളം ജില്ല മുൻ കളക്ടർ എം.പി. ജോസഫ്, കോളജ് മാനേജർ ഫാ. ഡോ. അഗസ്റ്റിൻ തോട്ടക്കര, ബാബു ജോസഫ്, ഡോ. ജിബി കുര്യാക്കോസ്, ഡോ. രാജു കെ.എ എന്നിവർ പങ്കെടുത്തു.