സൈൻ സംഘടനയും തട്ടിപ്പിൻ്റെ ഇര; പദ്ധതിയുടെ ഭാഗമായത് ജനസേവനത്തിന് വേണ്ടി, ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല: എ എൻ രാധാകൃഷ്ണൻ

അനന്തു കൃഷ്ണൻ പ്രതിയായ സിഎസ്ആർ തട്ടിപ്പ് കേസിൽ വിശദീകരണവുമായി ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ. സൈൻ സംഘടനയും തട്ടിപ്പിൻ്റെ ഇരയാണെന്ന് എ എൻ രാധാകൃഷ്ണൻ പറഞ്ഞു. സായി ഗ്രാം ചെയർമാൻ ആണ് സിഎസ്ആർ പദ്ധതി പരിചയപ്പെടുത്തിയതെന്നും ജനസേവനത്തിന് വേണ്ടിയാണ് പദ്ധതിയുടെ ഭാഗമായതെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.

സേവനം മാത്രമാണ് തന്റെ ലക്ഷ്യമെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. അനന്തു കൃഷ്ണനുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും പദ്ധതിയുടെ പേരിൽ കൈപ്പറ്റിയിട്ടില്ല. സൈൻ സംഘടനയും തട്ടിപ്പിൻ്റെ ഇരയാണ്. പന്ത്രണ്ട് വർഷമായി സൈൻ സംഘടന പ്രവർത്തിക്കുന്നുണ്ടെന്നും സേവനം മാത്രമാണ് തനറെ ലക്ഷ്യമെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.

അതേസമയം അനന്തു കൃഷ്ണൻ മുഖ്യ പ്രതിയായ കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് ഏഴാം പ്രതിയാണ്. ഉന്നതരുമായി അടുത്ത ബന്ധമുള്ള അനന്തുവിന് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനുമായും ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. ഇരുവരുടെയും സാമൂഹ്യ മാധ്യമ അകൗണ്ടുകളിലും സിഎസ്ആറിന്റെ പേരിൽ നടത്തിയ സേവനങ്ങളുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

അനന്തു കോര്‍ഡിനേറ്ററായ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷനുമായി എ എന്‍ രാധാകൃഷ്ണന്‍ സഹകരിച്ചു. എ എന്‍ രാധാകൃഷ്ണന്റെ ‘സൈന്‍’ എന്ന സന്നദ്ധ സംഘടന കോണ്‍ഫഡറേഷനുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതുമായി സംബന്ധിച്ച ചര്‍ച്ചകള്‍ അനന്തുവിന്റെ ഫ്‌ളാറ്റില്‍ നടന്നിരുന്നുവെന്ന വിവരവും പുറത്ത് വന്നു. സായിഗ്രാം സന്നദ്ധ സംഘത്തിന്റെ ചെയര്‍മാന്‍ അനന്തകുമാറാണ് കോണ്‍ഫഡറേഷന്‍ ചെയര്‍മാന്‍.

Read more