ഷഹനയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പൊലീസ്

തിരുവല്ലത്തെ ഷഹനയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പൊലീസ്. ഭർതൃമാതാവ് അടക്കമുള്ള ബന്ധുകൾക്ക് എതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുന്ന കാര്യം പൊലീസ് പരിശോധിക്കും. ഷഹനയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്തൃമാതാവിന്റെ പീഡനമെന്നാണ് ആരോപണം.

ഷഹനയുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്താനും, മറ്റ് ചിലരുടെ കൂടി മൊഴി രേഖപ്പെടുത്താനുമാണ് പൊലീസ് തീരുമാനം. അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന് ചൂണ്ടിക്കാട്ടി ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണരുടെ ഓഫീസിന് മുന്നിൽ പെൺകുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു.

ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ നൽകിയ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിൽ കൂടിയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ആരോപണത്തിന്മേൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്. ഡിസംബർ 26ന് രാത്രിയാണ് തിരുവല്ലം സ്വദേശി ഷഹനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി ഷഹന സ്വന്തം വീട്ടിലായിരുന്നു താമസിച്ച് വന്നിരുന്നത്. കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഷഹനയുടെ ഭര്‍ത്താവ് നൗഫല്‍ അറിയിച്ചിരുന്നു. ഷഹന ഭര്‍തൃവീട്ടിലേക്ക് പോകാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് നൗഫല്‍ ഷഹനയുടെ വീട്ടിലെത്തി ഒന്നരമാസം പ്രായമുള്ള കുട്ടിയെ ബലമായി ഷഹനയില്‍ നിന്ന് കൈക്കലാക്കി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച ഷഹനയെ പിന്നീട് ബന്ധുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.