ഷാജഹാന്‍ വധക്കേസ്; പൊലീസ് കസ്റ്റഡിയില്‍ എടുത്തവരെ കാണാനില്ലെന്ന് പരാതി, പരിശോധന

പാലക്കാട് സിപിഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കാണാനില്ലെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്താന്‍ അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. അഭിഭാഷക കമ്മിഷന്‍ ശ്രീരാജ് വള്ളിയോട് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്.

പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജ്, ആവാസ് എന്നിവരുടെ കുടുംബമാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ കസ്റ്റഡിയില്‍ എടുത്തെന്നാണ് പരാതി. പ്രതി പട്ടികയിലുള്ളവരല്ലാതെ പലരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും പിടകൂടുകയും ചെയ്തു.

എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. രണ്ട് പേര്‍ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആദ്യം കാലിലും പിന്നീട് കൈക്കും വെട്ടിയ പ്രതികള്‍ ഷാജഹാന്‍ വീണതോടെ കഴുത്തിലും തലയിലും ക്രൂരമായി വെട്ടി.

പ്രതികള്‍ക്ക് ഷാജഹാനുമായി നേരത്തെ വിരോധമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്. ആഗസ്റ്റ് 14ന് രാത്രിയാണ് സംഭവം. കൊലപാതക ദിവസം ഷാജഹാനുമായി തര്‍ക്കമുണ്ടായെന്നും ഇത് പ്രകോപനത്തിന് ഇടയാക്കിയെന്നും പ്രതികള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു.