പേരാമ്പ്ര പൊലീസ് അതിക്രമത്തിൽ മർദ്ദനമേറ്റ ഷാഫി പറമ്പിലിന്റെ മൂക്കിന്‍റെ രണ്ട് അസ്ഥികളിൽ പൊട്ടൽ. മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്. ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചതായാണ് സിടി സ്കാൻ റിപ്പോർട്ട്. മൂക്കിലെ ഇടത് അസ്ഥിയുടെ സ്ഥാനം തെറ്റിയിട്ടുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നുണ്ട്.
നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഏതാനും ദിവസങ്ങൾ കൂടി ഷാഫി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. കോഴിക്കോട് പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ ഇന്നലെയാണ് ഷാഫി പറമ്പിൽ ഉൾപ്പെടെ ഉള്ള നേതാക്കൾക്ക് മർദ്ദനം ഏറ്റത്. ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനംട്ടാകെ ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
പലയിടത്തും പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് ഇളക്കി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കാഞ്ഞങ്ങാട് റോഡ് ഉപരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. അരമണിക്കൂർ നേരം കാഞ്ഞങ്ങാട് നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ ടയർ കത്തിക്കാനുള്ള പ്രവർത്തകരുടെ ശ്രമം നേതാക്കളും പൊലീസും ഇടപെട്ട് തടഞ്ഞു. പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.







