വെള്ളാപ്പള്ളിയ്ക്ക് തിരിച്ചടി; എസ്.എന്‍.ഡി.പി യോഗം ബൈലോ പരിഷ്‌കരിക്കാമെന്ന് ഹൈക്കോടതി, ജനറല്‍ സെക്രട്ടറിയ്ക്ക് അമിത അധികാരമില്ല

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എന്‍ഡിപി യോഗം ബൈലോ പരിഷ്‌ക്കരണം സംബന്ധിച്ച വെള്ളാപ്പള്ളിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു.

നേരത്തെ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സി0ഗില്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് നീക്കിയത്. 21 വര്‍ഷം മുമ്പാണ് കേസ് തുടങ്ങുന്നത്. എസ്എന്‍ഡിപി യോഗം ബൈലോ പരിഷ്‌ക്കരണം ആവശ്യപ്പെട്ട് 9 പേരാണ് കോടതിയെ സമീപിച്ചത്.

2019 ല്‍ ഇതില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി പ്രഥമിക ഉത്തരവ് വന്നു. എന്നാല്‍ ഇതിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി സി0ഗില്‍ ബെഞ്ച് ജില്ലാ കോടതി വിധി സ്റ്റേ ചെയ്തു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഇത് നീക്കിയതോടെ ഇനി ബൈലോ പരിഷ്‌ക്കരിക്കാം.

വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായ ശേഷം 1999-ല്‍, 200 പേര്‍ക്ക് ഒരു വോട്ട് എന്ന രീതിയില്‍ ഭരണഘടനാഭേദഗതിയും കൊണ്ടുവന്നിരുന്നു. എന്നാല്‍ കമ്പനി നിയമപ്രകാരം കേന്ദ്ര ഇളവ് ബാധകമല്ലെന്നാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. . ഇതോടെ സംഘടനയിലെ 32 ലക്ഷം അംഗങ്ങളും വോട്ടെടുപ്പിന്റെ ഭാഗമാകണം.