തൃശൂരില്‍ ജപ്തി ചെയ്ത വീട് തിരിച്ചു നല്‍കും: മന്ത്രി വി.എന്‍ വാസവന്‍

തൃശൂരില്‍ ജപ്തി ചെയ്ത വീട് തിരിച്ചു നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. റിസ്‌ക് ഫണ്ടില്‍ നിന്നും ആവശ്യമായ തുക നല്‍കും എന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഇതിനായി സഹകരണ വകുപ്പ് ജോയിന്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തി. കുടുംബാംഗങ്ങളെ സ്ഥലത്തെത്തി കാണുമെന്നും വി. എന്‍ വാസവന്‍ അറിയിച്ചു.

തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ചിറവല്ലൂര്‍ വീട്ടില്‍ ഓമനയുടെ വീട് ജപ്തി ചെയ്തത്. ഓമനയും മകന്‍ മഹേഷും തിങ്കളാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് വീട് സീല്‍ ചെയ്തതായി കണ്ടത്.

തൃശ്ശൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ആണ് ജപ്തി ചെയ്തത്. വീട്ടുപണി ചെയ്താണ് ഓമന കുടുംബം പോറ്റുന്നത്. മകന്‍ മഹേഷ് വെല്‍ഡിങ് തൊഴിലാളിയാണ്. മൂത്തമകന്‍ ഗിരീഷും സ്ഥലത്തില്ലായിരുന്നു. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ രാത്രി വൈകിയും ഇരുവരും വീടിന് മുന്നില്‍ തുടരുകയായിരുന്നു.

വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകള്‍ സീല്‍ ചെയ്തിരുന്നു. അര്‍ബുദ രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപയായിരുന്നു ബാങ്കില്‍ നിന്ന് ഓമന വായ്പയെടുത്തത്. ഭര്‍ത്താവ് മരിച്ച ശേഷം ഒന്നരലക്ഷം രൂപ തിരിച്ചടച്ചെങ്കിലും അത് പലിശയിനത്തിലാണ് കണക്കാക്കിയത്.