ലോക്ഡൗണില്‍ രോഷാകുലരായി ചൈനാക്കാര്‍; പ്രതിഷേധ ഗാനമായി ബാപ്പി ലാഹിരിയുടെ 'ജിമ്മി ജിമ്മി ആജാ'

കൊവിഡിന് ശേഷം ലോകം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ചൈന വീണ്ടും ലോക്ഡൗണില്‍ തന്നെയാണ്. കൊവിഡിന് പിന്നാലെ ഏര്‍പ്പെടുത്തിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ ജനങ്ങളെ രോഷാകുലരാക്കുന്നു.

ദശലക്ഷക്കണക്കിനു പേരാണ് തടവില്‍ കഴിയുന്നതുപോലെ വീടുകളില്‍ കഴിയുന്നത്. പ്രശസ്ത ബോളിവുഡ് ഗായകന്‍ ബാപ്പി ലാഹിരിയുടെ ഹിറ്റ് ഗാനം ‘ജിമ്മി ജിമ്മി ആജാ’ എന്ന പാട്ടിലൂടെയാണ് ആളുകള്‍ തങ്ങളുടെ രോഷവും നിരാശയും പ്രകടിപ്പിക്കുന്നത്.

ചൈനീസ് ടിക്ടോക്കായ ഡൗയിനിലൂടെ വീഡിയോകളും മറ്റും ഉണ്ടാക്കിയാണ് ചൈനീസുകാരുടെ രോഷപ്രകടനം. ബാപ്പി ലാഹിരിയുടെ സംഗീതസംവിധാനത്തില്‍ ബാപ്പി ലാഹിരി പാടിയ ‘ജി മീ ജീമി’ എന്ന ഗാനത്തെ ‘ഗിവ് മീ റൈസ്, ഗിവ് മീ റൈസ്’ എന്ന വരികളിലേക്ക് മാറ്റിയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ലോക്ഡൗണില്‍ ആവശ്യത്തിനു ഭക്ഷണമില്ലെന്ന് കാണിക്കാന്‍ ഒഴിഞ്ഞ പാത്രങ്ങളും കാണിക്കുന്നുണ്ട്.

ഇന്ത്യന്‍ സിനിമകള്‍ക്ക് ചൈനയില്‍ വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ത്രീ ഇഡിയറ്റസ്, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, ഹിന്ദി മീഡിയം, ദംഗല്‍ തുടങ്ങിയ സിനിമകള്‍ ചൈനയില്‍ ഹിറ്റായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ചൈനയിലെ ഷെങ്ഷൂ പ്രവിശ്യയിലെ ഐഫോണ്‍ ഫാക്ടറിയില്‍ നിന്ന് തൊഴിലാളികള്‍ രക്ഷപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയായ ഫോക്സ്‌കോണ്‍ കമ്പനിയില്‍ നിന്നാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. ഞായറാഴ്ച ചൈനയില്‍ 2,675 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.