നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന്; ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

 

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. ബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പ് തിരിച്ച് ചർച്ച ചെയ്ത് പാസാക്കാനാണ് നിയമസഭ സമ്മേളനം ചേരുന്നത്. പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രതിപക്ഷത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരും.

ശശീന്ദ്രൻ രാജിവയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയും എൻസിപിയും തളളിയ സാഹചര്യത്തിൽ അടിയന്തര പ്രമേയം ഉള്‍പ്പടെ കൊണ്ടുവന്ന് പ്രശ്നം സഭയിൽ സജീവമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

നിയമസഭ സമ്മേളനം തുടങ്ങുമ്പോൾ ശശീന്ദ്രൻ ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാവരുതെന്നാണ്​ പ്രതിപക്ഷം ആവശ്യപ്പെടുന്നത്​. മന്ത്രി രാജിവെച്ചില്ലെങ്കില്‍ നിയമസഭയില്‍ പ്രശ്‌നം കൊണ്ടുവരുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം പ്രശനം പാർട്ടിയുടെ ആഭ്യന്തര വിഷയമാണെന്ന മറുപടി നൽകി പ്രതിരോധിക്കാനാകും മന്ത്രി ശശീന്ദ്രന്റെ ശ്രമം. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭക്കു മുന്നിൽ വിവിധ പ്രതിപക്ഷ സംഘടനകളുടെ സമരവും ഇന്നുണ്ടാകും. ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ഇന്നലെ പരന്നിരുന്നു. മന്ത്രി നിയമസഭയിലുണ്ടെങ്കില്‍ യുവമോര്‍ച്ച സഭ തടസ്സപ്പെടുത്തുമെന്നും സമ്മേളനം നടക്കുമ്പോള്‍ യുവമോര്‍ച്ച പ്രതിഷേധം നടത്തുമെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.