'യുവാക്കള്‍ക്കായി പാര്‍ലമെന്റില്‍ സീറ്റ് സംവരണം ചെയ്യണം'; നിയമനിര്‍മ്മാണം നടത്തണമെന്ന് ശശി തരൂര്‍ എം.പി

യുവാക്കള്‍ക്കായി പാര്‍ലമെന്റില്‍ അഞ്ചു സീറ്റുകള്‍ സംവരണം ചെയ്യാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ശശി തരൂര്‍ എംപി. മലയാളികള്‍ തൊഴില്‍ തേടി വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്ന പ്രവണത പണ്ടുകാലം മുതല്‍ തന്നെയുണ്ട്. എന്നാല്‍ ഇങ്ങനെ പോകുന്നവര്‍ തിരികെ നാട്ടിലേക്ക് എത്താതിരിക്കുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നും അദേഹം വ്യക്തമാക്കി. 30 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ നിയമനിര്‍മാണ സഭകളില്‍ ആവശ്യമാണെന്നും അദേഹം വ്യക്തമാക്കി.

ദീര്‍ഘവീക്ഷണത്തോടുകൂടി ഉന്നത വിദ്യാഭ്യാസ സമിതി രൂപപ്പെടുത്തി മികവാര്‍ന്ന പാഠ്യപദ്ധതി ക്രമീകരിക്കണം. രാഷ്ട്രീയ കടന്നുകയറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നും ഒഴിവാക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മത്സരത്തിനു താനുണ്ടാകില്ലെന്നും തരൂര്‍ പറഞ്ഞു. ചത്തിസ്ഗഢിലെ റായ്പുരില്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനു മുന്നോടിയായാണ് അഭിമുഖം. പാര്‍ട്ടിയുടെ ചരിത്രത്തിലെ നിര്‍ണായക സമയത്താണ് പ്ലീനറി സമ്മേളനം വരുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ തിരഞ്ഞെടുപ്പ്, ഭാരത് ജോഡോ യാത്ര എന്നിവയ്ക്കു ശേഷം 2024ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്ത്രങ്ങളൊരുക്കാനുള്ള സമ്മേളനമാണിത്.

Read more

തിരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിക്ക് നല്ലതാണെന്ന കാര്യം ഞാനുയര്‍ത്തി. ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. ഇനിയും എന്താണ് ചെയ്യേണ്ടതെന്ന് പാര്‍ട്ടിയോടു പറയേണ്ടത് എന്റെ കടമയായി തോന്നുന്നില്ല. ഓരോ സമയത്തും എടുക്കേണ്ട നടപടികള്‍ അവര്‍ എടുക്കട്ടെ. പാര്‍ട്ടി എന്തു നിലപാടെടുത്താലും ഒപ്പമുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.