പി.എഫ്‌.ഐ നിരോധനത്തില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ എസ്.ഡി.പി.ഐയുടെ പ്രതിഷേധ പ്രകടനം

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാമക്കല്‍മേടിന് സമീപം ബാലന്‍പിള്ള സിറ്റിയില്‍ രാവിലെ ഒന്‍പതിനായിരുന്നു പ്രകടനം. ഏഴുപേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. കൊടികളൊന്നും ഇല്ലാതെയായിരുന്നു പ്രതിഷേധ പ്രകടനം.

പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആര്‍എസ്എസിനെതിരായും പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായും ആയിരുന്നു പ്രകടനത്തിലെ മുദ്രാവാക്യം വിളി. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ നെടുങ്കണ്ടം പൊലീസ് അന്വേഷണം തുടങ്ങി.

അതിനിടെ പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ കസ്റ്റഡിയിലായി. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശേഷം ഒളിവില്‍ പോയ സത്താറിനെ കരുനാഗപ്പള്ളിയിലെ പിഎഫ്‌ഐ സ്ഥാപനത്തില്‍നിന്നാണ് എന്‍ഐഎ പിടികൂടിയത്.

ജില്ലക്കു പുറത്തായിരുന്ന സത്താര്‍ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളി കാരുണ്യ സെന്ററില്‍ മടങ്ങിയെത്തിയത്. രാവിലെ പോപുലര്‍ ഫ്രണ്ട് നിരോധത്തെ കുറിച്ച് പ്രതികരിച്ച അബ്ദുല്‍ സത്താര്‍, കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സത്താറിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.