സ്‌കൂളുകള്‍ ശനിയാഴ്ചയും, അധ്യാപകര്‍ സഹകരിക്കും, വാര്‍ഷിക പരീക്ഷ ഏപ്രിലില്‍

സകൂളുകളില്‍ശനിയാഴച ദിവസവും പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കാന്‍ തയ്യാറാണെന്ന് അധ്യാപക സംഘടനകള്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി അധ്യാപക സംഘടനകള്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഏപ്രിലില്‍ നടത്താനും തീരുമാനമായി.

അതേസമയം ഓണ്‍ലൈന്‍ ക്ലാസുകളുടെ കാര്യത്തില്‍ അധ്യാപകരെ നിര്‍ബന്ധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക കോവിജ് സാഹചര്യം പരിഗണിച്ച് മാത്രമാണ് ശനിയാഴ്ച പ്രവൃത്തി ദിവസം ആക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം ഉത്തരവില്‍ ഉള്‍ക്കൊള്ളിക്കും. വിമര്‍ശനങ്ങള്‍ ഉന്നയിച്ച അധ്യാപകര്‍ക്കെതിരെ നടപടി എടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച് 31 വരെയാണ് ക്ലാസുകള്‍ നടത്തുക. വിദ്യാര്‍ത്ഥികള്‍ എല്ലാവരും സ്‌കൂളുകളില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. ഹാജറും, യൂണിഫോമും നിര്‍ബന്ധമാക്കി. മുഴുവന്‍ കുട്ടികളേയും എത്തിക്കാനായി അധികാരികള്‍ അധ്യാപകര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. ഈ മാസം21 മുതലാണ് സ്‌കൂളുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതിന് മുമ്പ് ജില്ല കളക്ടര്‍മാര്‍ യോഗം വിളിക്കും.

അതേസമയം പ്ലസ്ടു പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ആവശ്യമില്ലെന്നും അധ്യാപക സംഘടനകള്‍ പറഞ്ഞു. ചോദ്യപേപ്പര്‍ തയ്യാറായതിനാല്‍ മാറ്റം വരുത്താന്‍ കഴിയില്ല. വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ എന്ത് ചെയ്യുമെന്നതില്‍ പിന്നീട് ആലോചന നടത്തും.

Read more

നേരത്തെ അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കുന്നതിന് മുമ്പ് മാര്‍ഗരേഖ പുറത്തിറക്കിയതില്‍ സംഘടന എതിര്‍പ്പ് അറിയിച്ചിരുന്നു. കൂടിയാലോചന നടത്താതെയാണ് മാര്‍ഗരേഖ ഇറക്കിയതെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നായിരുന്നു സി.പി.ഐ സംഘടന എ.കെ.എസ്.ടി.യു പറഞ്ഞത്.