സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കും, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാക്കും. 47 ലക്ഷം കുട്ടികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഒരു തരത്തിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂളുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ തൊഴിലാളി സംഘടനകള്‍, ഡി.വൈ.എഫ്.ഐ എന്നിവര്‍ പങ്കെടുക്കും. ഫെബ്രുവരി 21ാം തിയതി മാതൃ ഭാഷ ദിനമായതിനാല്‍ എല്ലാ സ്‌കൂളുകളിലും മാതൃഭാഷ പ്രതിജ്ഞ നടത്തും. സ്‌കൂളുകളില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാവരും എത്തണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരീക്ഷകള്‍ നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ നടത്തും. പാഠഭാഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ നടപടി എടുക്കും. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുമെന്നും, വാക്‌സിനേഷന്‍ അടക്കം വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്നും മന്ത്രി വ്യക്തമാക്കി.