സ്‌കൂളുകള്‍ നാളെ മുതല്‍ സാധാരണ നിലയിലേക്ക്, യൂണിഫോമും ഹാജറും നിര്‍ബന്ധമാക്കില്ല

സംസ്ഥാനത്തെ സ്‌കൂളു കളുടെ പ്രവര്‍ത്തനം നാളെ മുതല്‍ സാധാരണ നിലയിലേക്ക്. 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ക്ലാസുകളിലേക്ക് എത്തുക. നാളെ മുതല്‍ ക്ലാസുകള്‍ വൈകിട്ട് വരെ ഉണ്ടായിരിക്കും. ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ 50 ശതമാനം കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി ഉച്ച വരെയായിരിക്കും ക്ലാസുകള്‍ നടത്തുക.

അതേസമയം വിദ്യാര്‍ത്ഥികളുടെ ഹാജരും, യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്ക് യാത്ര സൗകര്യം ഉള്‍പ്പടെ ഒരുക്കും. പരീക്ഷകള്‍ നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ നടത്തും. പാഠഭാഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ നടപടി എടുക്കും.

വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനാണ് മുന്‍ഗണന നല്‍കുന്നത്. വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഒരു തരത്തിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. വാക്സിനേഷന്‍ അടക്കം വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.

നിലവില്‍ സകൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിവിധ തൊഴിലാളി സംഘടനകള്‍, ഡി.വൈ.എഫ്.ഐ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്.