മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.81 കോടി നൽകി സ്‌കൂൾ വിദ്യാർത്ഥികൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾ ഇത് വരെ 2 .81 കോടി രൂപ സംഭാവനയായി നൽകി.  സ്‌കൂളുകളിൽ സ്ഥാപിച്ച പ്രത്യേക ബോക്‌സുകൾ വഴി സമാഹരിച്ച തുകയാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇന്ന് ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികളെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

നാടിന്റെ ഉയര്‍ച്ചക്ക് അഭിമാനത്തോടെ നമ്മുടെ കുട്ടികള്‍ സംഭാവന നല്‍കിയത് 2.81 കോടി രൂപ. നമ്മുടെ സ്കൂളുകളില്‍ സ്ഥാപിച്ച ബോക്സുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും തുക ശേഖരിച്ചത്.

Read more

അതാത് സ്കൂളുകൾ നേരിട്ട് തന്നെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചിട്ടുണ്ട്. ഇതിനു പുറമേ സ്കൂള്‍ വിദ്യാര്‍ഥികള്‍ NCC, NSS, SPC, JRC, സ്കൌട്സ് & ഗൈഡ്സ് തുടങ്ങീ വിവിധ സ്കൂൾ ക്ലബ്ബുകൾ മുഖേനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നല്കിയിട്ടുണ്ട്. നിരവധി കുട്ടികള്‍ ഇതല്ലാതെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. അതിനും പുറമെയാണ് ഇത്രയും വലിയ തുക സമാഹരിച്ചത്. ഈ മഹദ് പ്രവർത്തനങ്ങൾക്ക് തയ്യാറായ കുട്ടികളേയും അതിന് അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും രക്ഷിതാക്കളേയും അഭിനന്ദിക്കുന്നു. വലിയ മാതൃകയാണ് നമ്മുടെ കുട്ടികള്‍ കാണിച്ചു തരുന്നത്. അവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.