ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു; വിദ്യാര്‍ത്ഥികള്‍ സുരക്ഷിതര്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. ചെങ്ങന്നൂര്‍ ആലായില്‍ വെള്ളിയാഴ്ച രാവിലെ 8.45ന് ആയിരുന്നു സംഭവം നടന്നത്. ബസില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് കുട്ടികളെ ഉടനെ പുറത്തിറക്കിയതിനാല്‍ ആളപായമുണ്ടായില്ല. മാന്നാര്‍ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്.

ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. ആലാ-കോടുകുളഞ്ഞി റോഡില്‍ ആലാ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് ആദ്യം ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് ബൈക്ക് യാത്രികരാണ് ബസ് ഡ്രൈവറെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ ഡ്രൈവര്‍ വാഹനം നിറുത്തി കുട്ടികളെ പുറത്തിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തമാണ്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചിരുന്നു.