ഇന്ത്യയും യുഎസും തമ്മില്‍ തിങ്കളാഴ്ച ആരംഭിക്കേണ്ട ചര്‍ച്ചമാറ്റിവെച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടക്കാലവ്യാപാരക്കരാറിന്റെ ഉള്ളടക്കം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇരുരാജ്യത്തിന്റെയും ചീഫ് നെഗോഷ്യേറ്റര്‍മാര്‍ തമ്മില്‍ വാഷിങ്ടണില്‍ നടത്താനിരുന്ന മൂന്നുദിവസത്തെ ചര്‍ച്ചയാണ് മാറ്റിവെച്ചത്.ഇന്ത്യയും യുഎസും തമ്മില്‍ ഈയാഴ്ച നടക്കേണ്ടിയിരുന്ന ഇടക്കാല വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതോടെ മോദി സര്‍ക്കാരിന്റെ വ്യാപാരക്കരാര്‍ സംശയമുനയിലാണ്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ ഇറക്കുമതിത്തീരുവ യു.എസ്. സുപ്രീംകോടതി മരവിപ്പിച്ച പശ്ചാത്തലത്തിലാണ് വലിയ പ്രഹസനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ച വ്യാപാര കരാര്‍ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്.
ഇടക്കാല കരാര്‍ പ്രകാരം ഇന്ത്യയ്ക്കുള്ള തീരുവ 18 ശതമാനത്തിലേക്ക് ട്രംപ് കുറച്ചിരുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇത് ആഗോള താരിഫ് പ്രകാരം 10 ശതമാനമാക്കി. പിന്നീട് ഇന്ത്യയുമായി അസാധാരണ ബന്ധമെന്ന് പറഞ്ഞു ഡൊണാള്‍ഡ് ട്രംപ് 15% ആയി ഉയര്‍ത്തി. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ അമേരിക്കന്‍ കുത്തകകള്‍ക്ക് മുന്നില്‍ അടിയറവെയ്ക്കുന്ന തരത്തിലുള്ള കരാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും മറുപടിയില്ലാതെ ലോക്‌സഭയിലടക്കം ഓടിയൊളിച്ച പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും യുഎസ് സുപ്രീം കോടതി വിധി കൂടി വന്നതോടെ കൂടുതല്‍ വെട്ടിലായി. ‘അബ്കി ബാര്‍ ട്രംപ് സെ ഹാര്‍’ ഇക്കുറി ട്രംപിനാല്‍ തോറ്റുവെന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിപക്ഷം പ്രക്ഷോഭം കടുപ്പിക്കുന്നതിനിടയിലാണ് മുന്നിലെന്ത് എന്ന് അറിയാത്തതിനാല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറേണ്ടിവന്നിരിക്കുന്നത്.
ഫെബ്രുവരി 23, 24, 25 തീയതികളിലായിട്ടായിരുന്നു ചര്‍ച്ച നടക്കേണ്ടിയിരുന്നത്. വ്യാപാരക്കരാര്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു നേരത്തെ വാണിജ്യ വകുപ്പ് മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞത്. ഇതിന് മുന്നോടിയായുള്ള ചര്‍ച്ചകളാണ് ഇന്ന് നടക്കാനിരുന്നത്. എന്നാല്‍, സുപ്രീം കോടതിയുടെ ഉത്തരവോടെ ചര്‍ച്ച മാറ്റേണ്ട സ്ഥിതിയായി. രണ്ടു രാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയില്‍ ചര്‍ച്ചനടക്കുമെന്ന് വാണിജ്യമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയെ യുഎസ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ട്രംപ് പ്രഖ്യാപിച്ച തീരുവ നിയമാനുസൃതമല്ലെന്നും ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട 1977-ലെ നിയമം ദുരുപയോഗം ചെയ്‌തെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് തീരുവ റദ്ദാക്കുകയും ചെയ്തു. എന്നാല്‍, സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ ട്രംപ് തയ്യാറായില്ല. വിധിക്കുപിന്നാലെ വെള്ളിയാഴ്ച ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവ പ്രഖ്യാപിക്കുകയുണ്ടായി. ഫെബ്രുവരി 24 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് ട്രംപ് ആദ്യം അറിയിച്ചത്. എന്നാല്‍ ശനിയാഴ്ച അദ്ദേഹം വീണ്ടും വാക്കുമാറി. 15 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും 18 ശതമാനം തീരുവ ചുമത്തിയുള്ള വ്യാപാരക്കരാറിന്റെ പ്രാഥമിക രൂപരേഖ സംബന്ധിച്ച് ഇരുരാജ്യങ്ങളും ഈ മാസം ആദ്യം ധാരണയായിരുന്നു. ഈ കരാറില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം അസാധാരണമെന്നും പറഞ്ഞ ട്രംപ് മോദി് സര്‍ക്കാരിനെ പിന്നേയും വെട്ടിലാക്കി.
Read more
ഈ 15 ശതമാനത്തിനും മാറ്റമുണ്ടായേക്കാം. 1974ലെ ട്രേഡ് ആക്ട് സെക്ഷന്‍ 122 പ്രകാരം 150 ദിവസത്തേക്കാണ് ട്രംപ് 15% ആഗോള തീരുവ പ്രഖ്യാപിച്ചത്. ഈ ചട്ടപ്രകാരം എല്ലാ രാജ്യങ്ങള്‍ക്കുംമേല്‍ തീരുവ പ്രഖ്യാപിക്കാന്‍ ട്രംപിന് അധികാരമുണ്ടോയെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. യുഎസ് വ്യാപാര നിയമത്തിലെ ഇതുവരെ പരീക്ഷിക്കപ്പെടാത്ത ‘സെക്ഷന്‍ 122’ എന്ന വകുപ്പ് ഉപയോഗിച്ചാണ് പുതിയ നികുതി നടപ്പിലാക്കുന്നത്. ഈ വകുപ്പ് പ്രകാരം ചുമത്തുന്ന നികുതി 150 ദിവസത്തിലധികം തുടരണമെങ്കില്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി നിര്‍ബന്ധമാണ്.







