'സേവ് ഔര്‍ നേഷന്‍ ഇന്ത്യ'; ആര്‍.എസ്.എസ്-ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന

ആര്‍.എസ്.എസ്., ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന രൂപവത്കരിക്കുന്നതായി റിപ്പോര്‍ട്ട്.’സേവ് ഔര്‍ നേഷന്‍ ഇന്ത്യ’ എന്നായിരിക്കും സംഘടനയുടെ പേര്. സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവില്‍ വരുമെന്നാണ് വിവരം. ആദ്യ പരിപാടി 23-ന് കൊച്ചിയില്‍ നടക്കും. സുരേഷ് ഗോപി എംപി, പി ടി ഉഷ എംപി, ജസ്റ്റിസ് കെ എബ്രഹാം മാത്യു എന്നിവര്‍ പങ്കെടുക്കും.

വിവിധ ക്രൈസ്തവ സഭകളിലെ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സംഘടനയിലൂടെ യോജിക്കാവുന്ന വിഷയങ്ങളില്‍ ഒന്നിച്ചു നീങ്ങാനാണ് ആര്‍എസ്എസ് ലക്ഷ്യം. ലഹരിക്കെതിരായ ബോധവത്ക്കരണമാണ് സംഘടന ആദ്യം ഏറ്റെടുക്കുക.

ആര്‍എസ്എസ് നേതാക്കള്‍ സംഘടനയുടെ തലപ്പത്ത് വരാനിടയില്ല. സംഘടന നിയോഗിക്കുന്ന പ്രവര്‍ത്തകരും സഭാ വിശ്വാസികളും സംഘടയുടെ ഭാരവാഹികളാകും. ഇതിനായി ക്രൈസ്തവ വിശ്വാസികളുമായി പ്രാദേശികമായി ആര്‍എസ്എസ് വിവിധ തലങ്ങളില്‍ ചര്‍ച്ചനടത്തിക്കഴിഞ്ഞെന്നാണ് അറിയുന്നത്.

ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ സംയുക്തമായി ഉന്നയിക്കാന്‍ പുതിയ സംഘടന തയ്യാറെടുക്കുന്നതായാണ് വിവരം. നേരത്തെ ആര്‍എസ്എസ് ദേശീയ നേതാക്കള്‍തന്നെ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലെത്തി വിവിധ സഭാ തലവന്മാരുമായി ചര്‍ച്ചനടത്തിയിരുന്നു. സംഘടനയ്ക്ക് ജില്ലാ, താലൂക്ക് മേഖലകളിലും ഘടകങ്ങള്‍ നിലവില്‍ വരുമെന്നാണ് വിവരം.