'സതീശൻ നല്ലൊരു പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്, കെ സി വേണുഗോപാൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നയാൾ'; പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ

നിയമസഭാ ഇലക്ഷന് പിന്നാലെ കെസി വേണു​ഗോപാലിനെയും രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ നല്ലൊരു പ്രതിപക്ഷ നേതാവ് ആണെന്നും, രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ടെന്നും കെ സി വേണുഗോപാൽ ഇന്ത്യയിൽ തന്നെ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നയാൾ ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതിൽ ഒരു സമുദായ നേതാവിനും അവകാശമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മുഖ്യമന്ത്രി ആരാണെന്ന് പറയുന്നതിൽ എസ്എൻഡിപിക്ക് യാതൊരു റോളും ഇല്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കാമാൻഡ് തീരുമാനിക്കട്ടെ. അതിൽ സമുദായത്തിന് യാതൊരു പങ്കുമില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ നല്ലൊരു നേതാവ് ആയിരുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്. ഇന്ത്യയിൽ തന്നെ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ആളാണ് കെ സി വേണുഗോപാൽ. ഇന്ത്യയിലെ അധികായകനാണ് കെ സി വേണുഗോപാൽ. കെ സി വേണുഗോപാലിന് താൻ തട്ടും മുട്ടും കൊടുത്തിട്ടുണ്ട്. ഡൽഹിയിൽ ഇരുന്നാലും കെ സി വേണുഗോപാലിന് കേരളം ഭരിക്കാൻ കഴിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.