അതൊക്കെ അവരുടെ സ്‌നേഹം; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് തരൂരിന്റെ മറുപടി

താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുകയെന്ന ഉദ്ദേശത്തിലല്ല കേരള രാഷ്ട്രീയത്തില്‍ സജീവമായതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിപ്പെടുമോ എന്നതൊക്കെ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. പലരും ഇക്കാര്യങ്ങളില്‍ തന്നോട് അഭിപ്രായം പറയുന്നുണ്ട്, അതൊക്കെ അവരുടെ സ്നേഹം എന്ന നിലയിലാണ് കാണുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമിന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പല കാര്യങ്ങളിലും വ്യക്തമായ ചിന്തകളുണ്ട്. കേരളത്തെക്കുറിച്ചും സുവ്യക്തമായ ചിന്തകളുണ്ട്. കേരളത്തെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ ഇപ്പോഴത്തെ ഉത്തരവാദിത്തം പാര്‍ലമെന്റ് അംഗം എന്ന നിലയിലാണ്. തിരിച്ചുവരാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തരുത്. കേരളത്തില്‍ ഇപ്പോഴും കോണ്‍ഗ്രസിന് നല്ല വേരുകളുണ്ട്. തിരിച്ചുവരണമെങ്കില്‍ സംഘടന, നേതൃത്വം, നല്‍കുന്ന സന്ദേശം എന്നീ മൂന്ന് കാര്യങ്ങള്‍ പ്രധാനമാണ്’, തരൂര്‍ പറഞ്ഞു.

ഡിസിസിയുടെയും വിവിധ സംഘടനകളുടെയും ക്ഷണം സ്വീകരിച്ച് 2009 മുതല്‍ കോഴിക്കോട് പല വേദികളിലും പ്രസംഗിക്കാനെത്തിയിട്ടുണ്ട്. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ താന്‍ പ്രസംഗിക്കുന്നതില്‍ ആര്‍ക്കാണ് പ്രശ്നമെന്നും എന്തിനാണ് പ്രശ്നമെന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവെച്ച ചിലരാണ് തരൂരിനെ ആക്രമിക്കുന്നതെന്ന കെ മുരളീധരന്റെ പ്രതികരണത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ആരാണ് മുഖ്യമന്ത്രി കുപ്പായം തയ്ച്ചതെന്ന് മുരളീധരന്‍ തന്നെ വിശദീകരിക്കട്ടെ എന്നായിരുന്നു തരൂരിന്റെ മറുപടി. ജനങ്ങളില്‍ ആവേശം വളര്‍ത്താന്‍ കഴിയുന്ന നേതാവിനെ കൊണ്ടുവരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ കുറ്റം പറയാനാകില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.