ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ബില്‍; നടപടികള്‍ക്ക് തുടക്കം

ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ അടുത്താഴ്ചയോടെ തയാറാവും. സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് പുതിയ നിയമം തയ്യാറാക്കുന്നത്.
കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ തയാറാക്കണമെന്ന് മന്ത്രിസഭ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ വകുപ്പിന്റെ നടപടികള്‍ പുരോഗമിക്കുന്നത്.

ആര്‍ട്‌സ് ആന്റെ സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍ ഉണ്ടാവും.

ബില്‍ പാസാക്കുമ്പോള്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുമെങ്കില്‍ അത് നിയമസഭയില്‍ കൊണ്ടുവരും മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. അക്കാര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പുതിയ ചാന്‍സലര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും.

ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഗവര്‍ണര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു ബില്‍ നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ലെന്നതാണ് ഇതിന്റെ രത്‌നചുരുക്കം.