സൗമ്യയുടെ മരണത്തിന് ഇടയാക്കിയ ഷെല്ലാക്രമണം വീഡിയോ കോളിനിടെ: നടുക്കം മാറാതെ ഭർത്താവ്

ഇസ്രയേലില്‍ റോക്കറ്റാക്രമണം നടന്ന സമയത്തു താൻ സൗമ്യയുമായി വീഡിയോ കോൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നെന്ന് ഭർത്താവ് സന്തോഷ്‌. ഇന്നലെയാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷ് ഇസ്രയേലില്‍ ഹമാസിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ സൗമ്യ നാട്ടിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നെന്നും എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ വരവ് നീണ്ടുപോയതാണെന്നും സന്തോഷ് പറഞ്ഞു. സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകാൻ ആൾ വന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണെന്നും സന്തോഷ്‌ പറഞ്ഞതായി ഏഷ്യാനെറ്റ്‌ ന്യൂസ് റിപ്പോർട്ട് പറഞ്ഞു.

പതിവുപോലെ സൗമ്യയുമായി ഫോണിൽ സംസാരിക്കുമായിരുന്നു എന്ന് സന്തോഷ്‌ പറഞ്ഞു. സംഭവം നടന്ന ദിവസം ഭക്ഷണം കഴിക്കുകയാണെന്ന് വീഡിയോ കോളിൽ സൗമ്യ പറഞ്ഞു. പെട്ടെന്ന് ഒരു ഒച്ച കേട്ടു. ഫോണ്‍ താഴെവീണു. പിന്നീട് സൗമ്യയുടെ പ്രതികരണം ഉണ്ടായില്ല. ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ ആള് കൂടുന്നത് പോലെ ശബ്ദം കേട്ടു. ഇസ്രയേലിലുള്ള പെങ്ങളെ സന്തോഷ് വിളിച്ചു വിവരം അന്വേഷിച്ചപ്പോൾ സൗമ്യ താമസിക്കുന്നതിന് അടുത്തായി റോക്കറ്റ് ആക്രമണം ഉണ്ടായെന്ന് പറഞ്ഞു. ഒരു പീസ് അങ്ങോട്ട് പോയി വീണതേയുള്ളൂ എന്നും പെങ്ങൾ ആശ്വസിപ്പിച്ചു. എന്നാൽ സൗമ്യക്ക് എന്തോ അപകടം പറ്റിയതായി തനിക്ക് മനസ്സിലായെന്നും അല്ലായിരുന്നങ്കിൽ സൗമ്യ പെട്ടെന്ന് തന്നെ വിളിക്കുമായിരുന്നു എന്നും സന്തോഷ് പറഞ്ഞതായി ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ ഒമ്പത് വർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേല്‍ വനിതയും മരിച്ചു. കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും എട്ട് വയസുകാരനായ മകനും നാട്ടിലാണ്. ഇസ്രായേൽ പലസ്തീൻ അതിർത്തിയിലെ സംഘർഷത്തെ തുടർന്ന്, ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ വലിയ ആശങ്കയിലാണ് കഴിയുന്നത്.