സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍ ഗുരുതരം, കോടതിയിലെത്തിയാല്‍ തിരിച്ചടിയാകും; വിയോജിച്ച് സി.പി.ഐ

സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗം അനുചിതമെന്ന് സിപിഐ. ഈ വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും. സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍ ഗുരുതരമാണ്. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തി.

ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരയുള്ള വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്‍റേത്. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, ചിലത് നാക്കുപിഴയാകാമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഡല്‍ഹിയില്‍ പറഞ്ഞു.

സജി ചെറിയാന്‍ നിലപാട് വ്യക്തമാക്കിയതോടെ വിഷയം അടഞ്ഞ അധ്യായമായി. ഭരണഘടനയില്‍ ഭേദഗതി ആവാമെന്ന് ശില്‍പികള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു. സജി ചെറിയാന്‍ രാജിവയ്‌ക്കേണ്ടെന്ന നിലപാടില്‍ തന്നെയാണ് സിപിഎം നേതൃത്വം.

മന്ത്രി സജി ചെറിയാനെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ് പരാതി നല്‍കിയത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍ പത്തനംതിട്ട എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. അതോടൊപ്പം ബിജെപി പ്രതിനിധി സംഘവും പരാതിയുമായി ഗവര്‍ണറെ സമീപിച്ചു.

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്നും ആരും ഉത്തരവാദിത്വം മറക്കരുതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.