അലന്‍ എസ്.എഫ്.ഐയില്‍ സജീവമായിരുന്നില്ല, പ്രവര്‍ത്തിച്ചത് സി.പി.എമ്മുമായി ചേര്‍ന്ന്; പി ജയരാജന് മറുപടിയുമായി സബിത ശേഖര്‍

അലന്‍ എസ്.എഫ്.ഐയില്‍ നിന്നു കൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്ന സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജന് മറുപടിയുമായി അമ്മ സബിത ശേഖര്‍ രംഗത്ത്. അലന്‍ ഒരിക്കലും എസ്എഫ്ഐയില്‍ സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സിപിഎമ്മുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് സബിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

താങ്കള്‍ വിചാരിക്കുന്നത് എസ്എഫ്ഐക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരുഎസ്എഫ്ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ …എന്നും അലന്റെ അമ്മ സബിത ശേഖര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. അലനും താഹയും എസ്എഫ്ഐയുടെ മറവില്‍ മാവോയിസം പ്രചരിപ്പിച്ചവരാകാമെന്നായിരുന്നു പി ജയരാജന്‍ അഭിപ്രായപ്പെട്ടത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

സഖാവ് പി. ജയരാജന്‍ വായിച്ചറിയുവാന്‍ …
താങ്കള്‍ ഇന്നലെ KLF വേദിയില്‍ പറഞ്ഞത് വാര്‍ത്തകളിലൂടെ അറിഞ്ഞു.
” അലന്‍ SFI യില്‍ നിന്നു ക്കൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി ”
സഖാവ് മനസ്സിലാക്കേണ്ട കാര്യം അലന്‍ SFI യില്‍ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക CPIM വുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവന്‍ സജീവ SFI ക്കാരനായിരുന്നില്ല. അങ്ങനെ SFI യില്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് SFI ക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുക. താങ്കള്‍ വിചാരിക്കുന്നത് SFI ക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു SFI ക്കാരനെ ഉദാഹരണമായി കാണിക്കാമോ …
സഖാവ് ഒരു വേദിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു.
സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത് … അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും .

അലന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ