ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു ഹൈക്കോടതിയിലേക്ക്, ജാമ്യാപേക്ഷ നൽകും

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബു ഹൈക്കോടതിയിലേക്ക്. കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബു ഹൈക്കോടതിയിൽ നാളെ ജാമ്യാപേക്ഷ നൽകും. കൊല്ലം വിജിലൻസ് കോടതി രണ്ട് കേസുകളിലും ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണത്തിലും സഹകരിച്ചിട്ടുണ്ടെന്നും ആദ്യ ഘട്ടത്തിൽ തന്നെ അറസ്റ്റ് ചെയ്തതാണ് ഇനി മുൻ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇതിൽ കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധമാണെന്നാണ് മുരാരി ബാബു ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ പറയുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയേയും, മുരാരി ബാബുവിനെയും രണ്ടാഴ്ചത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതിയിൽ വീണ്ടും റിമാൻ്റ് ചെയ്തത്. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളി കേസിലും, കട്ടിളപ്പാളി കേസിലും മുരാരി ബാബു ജാമ്യം തേടിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പടെ ചൂടിക്കാട്ടിയാണ് ജാമ്യം തേടിയത്. എന്നാൽ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ കേസ് അന്വേഷണത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന SIT വാദം പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്.

Read more