ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ മുരാരി ബാബു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. മുരാരി ബാബുവിനെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലേക്ക് മാറ്റും. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യസൂത്രധാരനും കേസില്‍ അറസ്റ്റിലാകുന്ന ആദ്യ ഉദ്യോഗസ്ഥനുമാണ് മുരാരി ബാബു.
ദ്വാരപാലക ശിപത്തിലെ സ്വര്‍ണ സ്വര്‍ണക്കൊള്ള കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണ്ണം പതിച്ച പാളികള്‍ ചെമ്പാണെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. ഉണ്ണികൃഷ്ണന് പോറ്റിയുമായി മുരാരി ബാബുവിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മുരാരി ബാബുവിനെതിരെ ഉണ്ണികൃഷ്ണന് പോറ്റി മൊഴി നല്‍കിയിരുന്നു.
ഇന്നലെ രാത്രി പെരുന്നയിലെ വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരുന്നു. 1998ല്‍ തന്നെ ദ്വാരപാലക ശില്പ്പങ്ങള് സ്വര്‍ണം പൂശിയതാണെന്ന് അറിഞ്ഞിട്ടും 2019ല്‍ അത് ചെമ്പ് പൊതിഞ്ഞതാണ് എന്നായിരുന്നു ഇയാള്‍ മഹസറില്‍ എഴുതിയിരുന്നത്.
Read more
വ്യാജ രേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളികള്‍ നവീകരണത്തിനായി ഉണ്ണികൃഷ്ണന് പോറ്റിയുടെ കയ്യില്‍ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.







