പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിപ്പിക്കും; കവളപ്പാറയില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ യോഗം

പതിനെട്ട് ദിവസം നീണ്ട് നിന്ന തെരച്ചിലിന് ഒടുവില്‍ പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം, മലപ്പുറം കവളപ്പാറയില്‍ പതിനൊന്ന് പേരെ കൂടി കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരും.

പുത്തുമലയില്‍ നിന്ന് കഴിഞ്ഞ ദിവസം ദേശീയ ദുരന്തനിവാരണ സേന മടങ്ങിയിരുന്നു. ഹംസ എന്നയാളെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇന്ന് പുത്തുമലയില്‍ നടക്കുക. ബന്ധുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നേരത്തെ തെരച്ചില്‍ നടത്തിയ പച്ചക്കാട് മേഖലയില്‍ ഒരിക്കല്‍ കൂടെ തെരച്ചില്‍ നടത്തുന്നത്. കാണാതായ 17 പേരില്‍ 12 പേരുടെ മൃതദേഹമാണ് പുത്തുമലയില്‍ ഇതുവരെ കണ്ടെത്താനായത്.

Read more

മലപ്പുറം കവളപ്പാറയില്‍ പതിനൊന്നു പേരെയാണ് ഇവിടെ ഇനി കണ്ടെത്താനുള്ളത്. കഴിഞ്ഞ നാലു ദിവസങ്ങളിലെ തെരച്ചിലില്‍ ആരേയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും യോഗം രാവിലെ പത്ത് മണിക്ക് പോത്തുകല്ല് ചേരും. കാണാതായവരുടെ ബന്ധുക്കളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ യോഗത്തിലെ തീരുമാനം അനുസരിച്ചായിരിക്കും തെരച്ചില്‍ തുടരണമോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.