ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻറെ ഗൺമാൻമാർ മർദിച്ച കേസിൽ നിർണായക നീക്കം. എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന നടത്തി. സന്ദർശക രജിസ്റ്റർ എസ്ഐടി ശേഖരിച്ചു. ഓഫീസിലെ സിസിടിവിയും പൊലീസ് ക്ലബിലെ രേഖകളും ശേഖരിച്ചു.
എഡിജിപി ഓഫീസിൽ വച്ച് കേസ് രേഖകൾ തിരുത്തിയെന്ന് മുൻ അന്വേഷണ സംഘം മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ നേതൃത്വത്തിലുള്ള സംഘം എഡിജിപി ഓഫീസിൽ പരിശോധിച്ചത്. ഒരു അന്വേഷണത്തിൻ്റെ ഭാഗമായി എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന ആദ്യമായാണ് നടക്കുന്നത്.
Read more
അതിനിടെ കേസിൽ അഞ്ച് പ്രതികൾക്ക് നോട്ടീസ് നൽകി. മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീലിലാണ് നോട്ടീസ്. പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥർ ഈ മാസം 27ന് മറുപടി നൽകണം. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എസ്ഐടി ചൂണ്ടിക്കാട്ടിയിരുന്നു.







