ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം കിഫ്ബി പദ്ധതികളെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടി; വികസനത്തിന് കക്ഷിരാഷ്ട്രീയം നോക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം കിഫ്ബി പദ്ധതികളെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് ഗുണകരമായ വികസനപദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത് കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ്.

നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമാണ് സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. ക്ഷേത്രനഗരിയുടെ തിളക്കമാര്‍ന്ന മുഖമായി ഗുരുവായൂര്‍ മേല്‍പ്പാലം മാറും. നിര്‍മാണം പുരോഗമിക്കുമ്പോള്‍ പ്രതിസന്ധികള്‍ പലതുമുണ്ടായിട്ടും മേല്‍പ്പാലം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനായെന്നും അദേഹം പറഞ്ഞു.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം തുടങ്ങിയ 13 റെയില്‍വേ മേല്‍പ്പാലങ്ങളില്‍ ആദ്യം നിര്‍മാണം പൂര്‍ത്തീകരിച്ചത് ഗുരുവായൂരിലേതാണ്. കിഫ്ബി വഴിയുള്ള പദ്ധതികളുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. വികസനം യാഥാര്‍ഥ്യമായിത്തുടങ്ങിയതോടെ നേരത്തേ എതിര്‍ത്തവര്‍പോലും വിവിധ ആവശ്യങ്ങളുമായി വരുന്നതാണ് കാണാനായത്. വികസനത്തിന് കക്ഷിരാഷ്ട്രീയം നോക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളത്തിന് വഴികാട്ടിയാവുകയാണ് ഗുരുവായൂരെന്ന് ചടങ്ങില്‍ അധ്യക്ഷനായ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ലെവല്‍ ക്രോസ്സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കും. നവകേരള സദസ്സിന് മുന്നോടിയായുള്ള സമ്മാനമാണ് റെയില്‍വേ മേല്‍പ്പാലമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.