പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരികാരിയുടെ ചാറ്റുകൾ പുറത്തുവിട്ടതിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനമെന്ന് കുറ്റപ്പെടുത്തിയ ടി പി രാമകൃഷ്ണൻ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവരും അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. എന്തുകൊണ്ട് കെപിസിസി അധ്യക്ഷൻ രാജി ആവശ്യപ്പെടുന്നില്ല എന്ന് ചോദിച്ച ടി പി രാമകൃഷ്ണൻ കോൺഗ്രസ് പിന്തുണയിൽ ജയിച്ച ആളല്ലേ രാഹുൽ മാങ്കൂട്ടത്തിലെന്നും ചോദിച്ചു. അതേസമയം കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമാണെന്നും മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ടെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
ഇന്നലെയാണ് പരാതിക്കാരിക്കെതിരെ രാഹുലിന്റെ വിശ്വസ്തൻ ഫെന്നി നൈനാൻ ചില ചാറ്റുകൾ നിരത്തി രംഗത്തെത്തുന്നത്. രണ്ടുമാസം മുമ്പ് വരെ പരാതിക്കാരി തന്നോട് സംസാരിച്ചിരുന്നെന്നും ഫെന്നി നൈനാൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തനിക്കും തന്റെ കുടുംബത്തിനെതിരെയും രൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണെന്നും ഫെന്നി നൈനാൻ പറയുന്നു.
പരാതിക്കാരിയുമായുള്ള വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും ഫെനി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. രാഹുൽ എംഎൽഎയുടെ വിഷയത്തിൽ തന്റെ പേര് പരാതിക്കാരി പരാതിയിൽ പറഞ്ഞെന്ന് താൻ മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും തുടർന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാൻ മുഖ്യധാര മാധ്യമങ്ങൾ ആരും സ്പേസ് തരാതെ ഇരുന്നപ്പോൾ അത് താൻ ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞുവെന്നും ഫെന്നി നൈനാൻ പറയുന്നു.







