ശ്രീധരൻപിള്ളക്ക് സ്വീകരണം നൽകിയതിന്റെ പേരിൽ ആലപ്പുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ ഭിന്നത, രാജി

പൗരത്വ നിയമ ഭേദഗതിക്ക് അനുകൂല നിലപാട് സ്വീകരിച്ച മിസോറം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളക്ക് സ്വീകരണം നൽകിയതിന്റെ പേരിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ ഭിന്നത രൂക്ഷം. ശ്രീധരന്‍പിള്ളക്ക് സ്വീകരണം കൊടുത്തതിന്റെ പേരില്‍ ആലപ്പുഴ വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ നിന്ന് ചിലര്‍ രാജിവെച്ചു.പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന വ്യക്തിയെ ആദരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സമിതിയിലെ ഒരുവിഭാഗം ശക്തമായി അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ടും സ്വീകരണം നൽകിയതിന്റെ പേരിലാണ് ഇപ്പോൾ ഒരു വിഭാഗം രാജി നൽകിയിരിക്കുന്നത്.

ഭാരവാഹിത്വം രാജിവെക്കുന്നതായി സാമൂഹ മാധ്യമങ്ങളിലൂടെയാണ് ചിലർ അറിയിച്ചത്. ആലപ്പുഴ ജില്ല സെക്രട്ടറി നസീര്‍ പുന്നക്കല്‍, സംസ്ഥാന സമിതി അംഗവും അരൂക്കുറ്റി യൂണിറ്റ് പ്രസിഡന്റുമായ സക്കീര്‍ മുഹമ്മദ്, ജില്ല എക്‌സിക്യൂട്ടീവ് അംഗം വാഹിദ് താഴകത്ത് എന്നിവരാണ് രാജിവെച്ചത്. ആലപ്പുഴകാർമൽ ഹാളില്‍ നടന്ന സ്വീകരണ പരിപാടിയില്‍ നിന്ന് ഒരുവിഭാഗം അംഗങ്ങൾ വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊന്നാകെ പ്രതിഷേധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെ പിന്തുണക്കുന്ന വ്യക്തിയെ ആദരിച്ചതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.