അരൂരിലെ തോൽവിക്ക് കാരണം ബി.ജെ.പി വോട്ടുകൾ മറിഞ്ഞത്, സീറ്റ് മോഹിച്ചിരുന്ന നേതാക്കൾക്കും പഴി, സമുദായ വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും സി.പി.എം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ

പതിനായിരത്തോളം ബി.ജെ.പി വോട്ടുകള്‍ ചോര്‍ന്നതാണ് അരൂരിൽ ഇടതു മുന്നണി സ്ഥാനാർത്ഥി തോൽക്കാൻ മുഖ്യ കാരണമെന്ന് വിലയിരുത്തി സി പി എം ആലപ്പുഴ ജില്ലാകമ്മിറ്റി. ഈ വോട്ടുകല്‍ ഷാനിമോള്‍ ഉസ്മാന് ലഭിച്ചെന്നാണ് കമ്മിറ്റിയുടെ നിഗമനം. പാര്‍ട്ടിയുടെ സംഘടന ദൗര്‍ബല്യം, ക്രിസ്ത്യന്‍, ഈഴവ, ധീവര വോട്ടുകള്‍ പ്രതീക്ഷിച്ചത് പോലെ ലഭിക്കാതിരുന്നത്, അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയിലെ അതൃപ്തി എന്നിവയും തോല്‍വിക്ക് കാരണമായെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. മുന്‍ എം.എല്‍.എ ആയ എ.എം ആരിഫ് എം.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും യോഗത്തിൽ വിമര്‍ശനമുയര്‍ന്നതായി റിപ്പോർട്ടുകളുണ്ട്.

സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചില നേതാക്കളുടെ സമുദായ വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായി. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ഗായികയുമായ ദലീമ ജോജാ, സി പി എം സംസ്ഥാന സമിതി അംഗം സി.ബി ചന്ദ്രബാബു, ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മത്സ്യഫെഡ് ചെയർമാനുമായ പി.പി ചിത്തരഞ്ജന്‍ എന്നിവരെ ഉദ്ദേശിച്ചാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്. ദലീമ ക്രിസ്ത്യൻ മത മേലദ്ധ്യക്ഷന്‍മാരെ കണ്ട് സ്ഥാനാര്‍ത്ഥിത്വത്തിനായി പരിശ്രമിച്ചുവെന്നും വിമർശനമുയർന്നു. തീരദേശത്ത് ആ രീതിയില്‍ പ്രചാരണം നടത്തി. സീറ്റ് കിട്ടാതെ വന്നപ്പോള്‍ ഗള്‍ഫില്‍ പോയി. ഇത് ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടപ്പെടാനിടയാക്കിയെന്നും കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി.

തിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തില്‍ അഞ്ച് ജാഥകള്‍ നടത്തിയിരുന്നു. ഈ ജാഥകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ സ്ഥാനാര്‍ത്ഥികളാവുമെന്ന് ജനം കരുതി. സി.ബി ചന്ദ്രബാബു, പി.പി ചിത്തരഞ്ജന്‍, മനു സി. പുളിക്കല്‍, കെ എച്ച് ബാബു ജാന്‍, കെ. പ്രസാദ് എന്നിവരായിരുന്നു ജാഥാ ക്യാപ്റ്റന്‍മാര്‍. ഇവരില്‍ സീറ്റ് കിട്ടാതിരുന്നവരുടെ സമുദായങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്നും വിലയിരുത്തലുണ്ടായി. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകളായ വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്തപ്പോഴും അരൂരിലെ തോല്‍വി ഇടതു മുന്നണിക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചു.